മലിനജലം നിറഞ്ഞ് മാര്‍ക്കറ്റ്; നിസ്സംഗത പാലിച്ച് അധികൃതര്‍

കൊട്ടിയം: കൊട്ടിയം മാര്‍ക്കറ്റിലാകെ മലിനജലം നിറഞ്ഞ് ദുര്‍ഗന്ധം വമിച്ചിട്ടും ശുചീകരണത്തിന് നടപടിയില്ല. മാര്‍ക്കറ്റിനുള്ളില്‍ കയറിയാല്‍ രോഗം ഉറപ്പെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ഷെഡ് തകര്‍ന്ന് അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ദേശീയപാതക്കരികിലായുള്ള മാര്‍ക്കറ്റില്‍നിന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്തിന് വര്‍ഷംതോറും ലക്ഷങ്ങളുടെ വരുമാനമാണുള്ളത്. എന്നാല്‍ മാര്‍ക്കറ്റ് സംരക്ഷിക്കുന്നതിന് ഇടപെടല്‍ ഉണ്ടാവുന്നില്ല. ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ മലിനജലത്തിനടുത്തിരുന്നാണ് കച്ചവടക്കാര്‍ മത്സ്യവില്‍പന നടത്തുന്നത്. കച്ചവടക്കാര്‍ ഇരിക്കുന്ന തകരഷീറ്റ് മേഞ്ഞ ഷെഡ് ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണ്. ഇതുമൂലം ഭീതിയോടെയാണ് ഇവിടെ കച്ചവടക്കാരും മത്സ്യം വാങ്ങാനത്തെുന്നവരും നില്‍ക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുണ്ടെങ്കിലും ഉപയോഗപ്രദമല്ല. അതിനാല്‍ കച്ചവടക്കാരും മാര്‍ക്കറ്റിലത്തെുന്നവരും പ്രാഥമിക കൃത്യങ്ങള്‍ക്കായി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണുള്ളത്. ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ക്കറ്റിനുള്ളില്‍ ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചെങ്കിലും പിന്നീട് ഉപയോഗശൂന്യമായി. ഓരോ വര്‍ഷവും മാര്‍ക്കറ്റ് നവീകരണം പഞ്ചായത്തിന്‍െറ പദ്ധതികളില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും പ്രായോഗികമാവാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.