മലിനീകരണത്തിന്‍െറ ആകാശക്കാഴ്ച വൈറല്‍

ചവറ: ചവറയിലെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനു മുകളില്‍നിന്നുള്ള ആകാശക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നീലക്കടലില്‍ കമ്പനിയുടെ അരികിലായുള്ള കടല്‍ഭാഗത്ത് ചുവന്ന നിറം പടര്‍ന്ന നിലയിലുള്ള ചിത്രമാണ് കമ്പനിയുടെ മലിനീകരണത്തെക്കുറിച്ചുള്ള ഭീകരത തുറന്നുകാട്ടുന്നത്. കെ.എം.എം.എല്‍ എം.എസ് പ്ളാന്‍റില്‍നിന്ന് ആസിഡ് കലര്‍ന്ന ജലം ഒഴുക്കിവിടുന്നതു കാരണം കോവില്‍ത്തോട്ടം മുതല്‍ പൊന്മന വരെയുള്ള അറബിക്കടലിന്‍െറ ഭാഗത്ത് കടലിന്‍െറ നിറം ചുവപ്പാണെന്നത് കാലങ്ങളായി പരിസരവാസികള്‍ക്കറിയാമെങ്കിലും ആകാശചിത്രം കണ്ടതോടെയാണ് ഇതിന്‍െറ രൂക്ഷത ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗൂഗ്ള്‍ മാപ്പിന്‍െറ ചിത്രമാണ് നവ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കടല്‍വെള്ളത്തിന്‍െറ നിറവ്യത്യാസം മാത്രമല്ല ഇത് കൊണ്ടുണ്ടായിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ മത്സ്യസമ്പത്ത് പൂര്‍ണമായും അപ്രത്യക്ഷമായി എന്നതാണ് ഞെട്ടിപ്പിക്കുന്നത്. കട്ടമരങ്ങളിലും കമ്പവലകള്‍ നീട്ടിയും മത്സ്യബന്ധനം ഒരു കാലത്ത് സജീവമായിരുന്നു ഇവിടെ. ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമാണ് നാട്ടുകാര്‍ക്ക് ആ കാലം. കടലിന്‍െറ സ്വാഭാവികതക്ക് മാറ്റം വന്നതോടെ തീരഭാഗങ്ങളിലെ മത്സ്യബന്ധനം പൂര്‍ണമായും നിലച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ത്തീരത്തെ സംരക്ഷണ പാറകളില്‍ പറ്റിപ്പിടിക്കുന്ന കക്കയും മുരിങ്ങയും ഇളക്കിയെടുക്കാന്‍ സ്ത്രീകളുടെ മത്സരമായിരുന്നു ഒരു കാലത്ത്. ഞണ്ടും റാളും പൊടിമീനുകളും സുലഭമായി കിട്ടിയിരുന്നു. അവയൊക്കെ പൂര്‍ണമായും അപ്രത്യക്ഷമായെന്ന് പരിസരവാസികള്‍ പറയുന്നു. ഞണ്ടിന്‍െറ കാലുകളില്‍ സ്ഥിരമായി മഞ്ഞനിറം കാണാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് പതിയെ പതിയെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. കട്ടമരങ്ങള്‍ നിരനിരയായി വെച്ചിരുന്ന കോവില്‍ത്തോട്ടത്തെയും പൊന്മനയിലെയും തീരങ്ങളില്‍നിന്ന് പതുക്കെ ഇവയെ കാണാതെയായി. പല തവണ കമ്പനി അധികൃതരോട് ഈ കാര്യം ഉന്നയിച്ച് പരാതികളും സമരങ്ങളും ഒക്കെ നടന്നെങ്കിലും ഒരു ഫലവുമില്ലാതായതോടെ അതൊക്കെ നിലച്ച മട്ടാണ്. വിഷയം പരിസ്ഥിതി വാദികള്‍ പോലും ഏറ്റെടുക്കാതായതോടെ രോഗഭീതിയുണ്ടെങ്കിലും നാട്ടുകാരും പതിയെ പൊരുത്തപ്പെടുകയായിരുന്നു. സംരക്ഷണഭിത്തിക്കായി നിക്ഷേപിക്കുന്ന പാറകള്‍ പോലും തുച്ഛമായ വര്‍ഷങ്ങള്‍കൊണ്ട് പൊടിഞ്ഞില്ലാതാകുന്നതും ആസിഡ് മൂലമാണെന്നാണ് മറ്റൊരു കണ്ടത്തെല്‍. രാവിലെയും വൈകീട്ടും എം.എസ് പ്ളാന്‍റില്‍നിന്ന് മലിനജലം ഒഴുക്കുന്നതോടെയാണ് കടലിന്‍െറ നിറം കട്ടച്ചുവപ്പാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.