പവര്‍ടില്ലറിന്‍െറ ‘പവര്‍’ പോയി; ഖജനാവിന് നഷ്ടം 10 ലക്ഷം

കിളിമാനൂര്‍: ഒരുപതിറ്റാണ്ട് മുമ്പ്, 10 ലക്ഷത്തോളം രൂപ ചെലവിട്ട് പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ അന്നത്തെ ഭരണസമിതി ഏലാവികസന സമിതിക്ക് വാങ്ങി നല്‍കിയ പവര്‍ടില്ലര്‍ കാറ്റും മഴയുമേറ്റ് നശിക്കുന്നു. എല്‍. ഡി.എഫ് നേതൃത്വം കൊടുത്ത കഴിഞ്ഞ ഭരണസമിതിയുടെയും നിലവിലെ ഭരണസമിതിയുടെയും കെടുകാര്യസ്ഥത മൂലമാണ് പവര്‍ടില്ലര്‍ നശിക്കുന്നതെന്ന് മേഖലയിലെ കര്‍ഷകര്‍ പറയുന്നു. 2001-2006 ഭരണസമിതിക്കാലത്താണ് പഞ്ചായത്തില്‍ മികച്ചനിലയില്‍ നെല്‍കൃഷി നടത്തിയിരുന്ന അടയമണ്‍ ഏലാവികസനസമിതിക്കായി 10 ലക്ഷത്തോളം രൂപ ചെലവിട്ട് പവര്‍ടില്ലര്‍ വാങ്ങി നല്‍കിയത്. കാര്‍ഷികമേഖലയെയും നെല്‍കര്‍ഷകരെയും സമുദ്ധരിക്കുകയെന്നതായിരുന്നു ലക്ഷ്യം. ആദ്യകാലങ്ങളില്‍ കാര്യക്ഷമായി പ്രവര്‍ത്തിച്ചുവന്ന ടില്ലര്‍, വാര്‍ഷിക അറ്റകുറ്റപ്പണി വന്നതോടെ പ്രതിസന്ധിയിലായി. പഞ്ചായത്ത് ഇടപെട്ട് അന്നത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയെങ്കിലും, തുടര്‍ന്നിങ്ങോട്ട് വന്നവര്‍ ഇതിനെ അവഗണിച്ചു. കഴിഞ്ഞ പഞ്ചായത്തിന്‍െറ കാലത്ത് വയലില്‍ താഴ്ന്നുപോയ ടില്ലര്‍ രണ്ടു മാസത്തോളം അവിടെക്കിടന്നു. ഒടുവില്‍ മറ്റൊരു വാഹനത്തില്‍ വലിച്ചിഴച്ച് പഞ്ചായത്ത് പടിക്കല്‍ എത്തിച്ചു. അറ്റകുറ്റപ്പണി ചെയ്താല്‍ വീണ്ടും ഉപയോഗിക്കാമെങ്കിലും ഭരണസമിതിക്കാര്‍ക്ക് ഇതിനോട് താല്‍പര്യമില്ലത്രെ. അതേസമയം, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്കാലത്ത് ഭരണസമിതിയിലെ ചില അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകസേനയെക്കുറിച്ച് ഇപ്പോള്‍ ഒരുവിവരവും ഇല്ളെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരില്‍നിന്ന് ആളൊന്നിന് 130 രൂപവീതം പിരിച്ചെടുത്താണ് അന്ന് കര്‍ഷകസേന രൂപവത്കരിച്ചതെന്നും സമിതിയുടെ രൂപവത്കരണത്തിനായി നാലുലക്ഷത്തോളം രൂപ പിരിച്ചതായും ഇവര്‍ പറയുന്നു. കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കി ഭരണം മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച മന്ത്രി പഴയകുന്നുമ്മലിനെക്കൂടി പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ഇവിടത്തെ കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.