ചവറ: കോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജിന്‍െറ ചുറ്റുമതില്‍ വിദ്യാര്‍ഥികള്‍ കെട്ടിയടച്ചു. പഠിപ്പ് മുടക്കി പ്രതിഷേധപ്രകടനം നടത്തിയ ശേഷമാണ് മതില്‍ കെട്ടിയത്. കോടതി ഉത്തരവ് ഉണ്ടെന്നുപറഞ്ഞ് സമീപവാസി ബുധനാഴ്ച പൊളിച്ചുമാറ്റിയ മതിലാണ് പുനര്‍നിര്‍മിച്ചത്. 2002 ഏപ്രിലിലാണ് എം.പി ഫണ്ട് ഉപയോഗിച്ച് ചവറ ഗവ. കോളജിന് ചുറ്റുമതില്‍ നിര്‍മിച്ചത്. കോളജിന് പിറകുവശത്ത് താമസിക്കുന്ന സ്വകാര്യവ്യക്തി കോമ്പൗണ്ടിന്‍െറ നടുവിലൂടെ വഴി വേണമെന്ന് ആവശ്യപ്പെട്ട് 2000 മുതല്‍ വിവിധ കോടതികളില്‍ കേസ് നടത്തിയിരുന്നു. 2015 സെപ്റ്റംബര്‍ 26ന് കൊല്ലം അഡീഷനല്‍ ജില്ലാ കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുകയും അത് നടപ്പാക്കാന്‍ കഴിഞ്ഞ 12ന് കരുനാഗപ്പള്ളി മുന്‍സിഫ് ഉത്തരവിടുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറിന് മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു. കോളജ്സമയം കഴിഞ്ഞതിനാല്‍ വിദ്യാര്‍ഥികളോ കോളജ് അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍, വിവരം അറിഞ്ഞത്തെിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മതില്‍ പൊളിക്കുന്നത് തടയുകയും കൊടികുത്തുകയും ചെയ്തു. കൊല്ലം കോടതിയിലെ വിധി നടപ്പാക്കിയെടുക്കാനുള്ള കേസ് കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ പരിഗണിച്ചപ്പോള്‍ കോളജിനുവേണ്ടി വാദിക്കേണ്ടിയിരുന്ന പബ്ളിക് പ്രോസിക്യൂട്ടര്‍ തടസ്സം ഉന്നയിക്കാഞ്ഞതിനാലായിരുന്നു മതിലുപൊളിക്കാന്‍ അനുമതി ലഭിച്ചതെന്നും എന്നാല്‍, വിധിപകര്‍പ്പോ മറ്ററിയിപ്പോ കോളജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ളെന്നും പ്രിന്‍സിപ്പല്‍ ഡോ. എം. ലൈല പറഞ്ഞു. അതേസമയം, കൊല്ലം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ 2015 സെപ്റ്റംബര്‍ 26ലെ ഉത്തരവ് രണ്ടാഴ്ചത്തേക്ക് ഹൈകോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തതായി പ്രിന്‍സിപ്പലും പി.ടി.എ വൈസ്പ്രസിഡന്‍റ് വി. ജ്യോതിഷ്കുമാറും അറിയിച്ചു. ജസ്റ്റിസ് എ. ഹരിപ്രസാദാണ് സ്റ്റേ അനുവദിച്ചത്. സമീപവാസികള്‍ക്ക് വഴിനല്‍കി ചുറ്റുമതില്‍ കെട്ടിയടക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജ് യൂനിറ്റ് മുമ്പ് ഒരുമാസം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. കോമ്പൗണ്ടിന്‍െറ തെക്കുഭാഗത്തുകൂടി സമീപവാസികള്‍ക്ക് വഴി നല്‍കണമെന്നാവശ്യപ്പെട്ട് നാല് കേസുകള്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിലവിലുണ്ട്. കോളജിന് ചുറ്റുമതില്‍ കെട്ടണമെന്ന ആവശ്യത്തിന് മൂന്നര പതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്. 2002 ഏപ്രില്‍ 24ന് സാമൂഹികവിരുദ്ധര്‍ പൊളിച്ച ചുറ്റുമതില്‍ പിറ്റേന്ന് കോളജ് അധികൃതര്‍ കെട്ടിയടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.