സ്നേഹപ്രഭു ഈ ഓട്ടോ ഡ്രൈവര്‍

തൊടുപുഴ: അര്‍ബുദരോഗിയായ ആറുവയസ്സുകാരന്‍ മകനോടൊപ്പം ആശുപത്രിയില്‍നിന്ന് ഇറങ്ങിനടന്നത് ദൈവദൂതന്‍െറ അടുത്തേക്കായിരുന്നെന്ന് വിശ്വസിക്കാനാണ് ജോബിന് ഇഷ്ടം. അല്ളെങ്കില്‍ നാലുമാസം മുമ്പ് ഒരുതവണ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ കിടപ്പാടമില്ലാത്ത തനിക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറുസെന്‍റ് സ്ഥലം എങ്ങനെ സൗജന്യമായി നല്‍കും? ഒരിക്കലും കാണാത്ത കാരുണ്യത്തിന്‍െറ വഴികളിലൂടെയാണ് അന്ന് ജോബിനെയും മകനെയുംകൊണ്ട് ബേബി ജോര്‍ജിന്‍െറ ‘ജീസസ്’ ഓട്ടോ സഞ്ചരിച്ചത്. അത് ചെന്നുനിന്നതാകട്ടെ, ഒരിക്കലും സഫലമാകില്ളെന്ന് ജോബിന്‍ കരുതിയ സ്വപ്നത്തിന്‍െറ പടിക്കലും. നാലുമാസം മുമ്പ് ഒരു ഉച്ചസമയത്താണ് തൊടുപുഴ ഇടവെട്ടി ചക്കുളത്തില്‍ ജോബിനും മകന്‍ അജിനും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇറങ്ങി ഇളംദേശം കുന്നത്ത് ബേബി ജോര്‍ജിന്‍െറ ഓട്ടോയില്‍ കയറിയത്. ജോബിന്‍െറയും മകന്‍െറയും ദൈന്യതനിറഞ്ഞ മുഖം ആദ്യം ബേബി ശ്രദ്ധിച്ചു. യാത്രക്കിടെ സൗഹൃദ സംഭാഷണത്തില്‍ ജോബിന്‍ തന്‍െറ സങ്കടങ്ങളുടെ കെട്ടഴിച്ചു. മകന് അസ്ഥിയില്‍ കാന്‍സറാണ്. തിരുവനന്തപുരത്താണ് ചികിത്സ. പനി മൂലം ആശുപത്രിയില്‍ കൊണ്ടുവന്നതാണ്. തന്‍െറ വാടകവീടിന് മുന്നിലിറങ്ങുമ്പോള്‍ ജോബിന്‍ നൂറുരൂപയെടുത്ത് ബേബിയുടെ നേര്‍ക്ക് നീട്ടി. വേണ്ടെന്ന് പറഞ്ഞെങ്കിലും ബലമായി ഏല്‍പിച്ച് ജോബിനും മകനും നടന്നു. ദിവസങ്ങള്‍ക്കുശേഷം ഇവരെ തേടി ബേബി വീണ്ടുമത്തെി. ജോബിന്‍െറ പിതാവിനോട് കാര്യങ്ങള്‍ തിരക്കി. പ്രായത്തിന്‍െറ അവശതയും രോഗവും മൂലം ഇദ്ദേഹം ജോലിക്ക് പോകുന്നില്ല. ജോബിന്‍ ലോറി ഡ്രൈവറാണ്. പിതാവും അമ്മയുമുള്‍പ്പെടെ ആറംഗ കുടുംബത്തിന്‍െറ വയറുനിറയണം. ജനിച്ച് അധികം കഴിയും മുമ്പ് അജിന്‍െറ ഹൃദയത്തിന് തകരാര്‍ കണ്ടത്തെിയിരുന്നു. ഇത് ചികിത്സിച്ച് ഭേദമാക്കിയപ്പോള്‍ കാന്‍സര്‍ പിടിപെട്ടു. എട്ടുതവണ കീമോ തെറപ്പി ചെയ്തു. മാസം 15,000 രൂപയോളം വേണം. എല്ലാം കേട്ട് മടങ്ങിയ ബേബി കഴിയുന്ന വിധത്തില്‍ ജോബിന്‍െറ കുടുംബത്തെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ജോബിന് വിനോദസഞ്ചാര കേന്ദ്രമായ തൊമ്മന്‍കുത്തില്‍ തന്‍െറ പേരിലുള്ള ആറുസെന്‍റ് സ്ഥലം സൗജന്യമായി നല്‍കാന്‍ ബേബി തീരുമാനിച്ചത്. പ്രദേശത്ത് സെന്‍റിന് രണ്ടരലക്ഷം രൂപവരെ വിലയുണ്ട്. ഭാര്യ റോസിലിയും മക്കളായ ബിസുമോള്‍, അലീന എന്നിവരുമടങ്ങുന്ന ബേബിയുടെ കുടുംബം ഓട്ടോ ഓടിച്ച് കിട്ടുന്നതുകൊണ്ടാണ് ജീവിക്കുന്നത്. വരുമാനത്തില്‍ നല്ളൊരു പങ്ക് ബേബി മറ്റുള്ളവരെ സഹായിക്കാനായി മാറ്റിവെക്കുന്നു. നിര്‍ധന രോഗികള്‍ക്ക് ബേബിയുടെ ഓട്ടോയില്‍ പണം നല്‍കാതെ യാത്രചെയ്യാം. സ്ഥലം ജോബിന്‍െറ പേരിലാക്കാനും വീട് പണിയാനുമെല്ലാം ഇനിയും ചെലവുണ്ട്. ഇതിനായി തുക സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ബേബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.