എസ്.ബി.ഐ സമ്മര്‍ദം ശക്തം; എസ്.ബി.ടിയിലെ വിവിധ ജോലികളില്‍ പുറംകരാര്‍ ഉടന്‍

കൊല്ലം: എസ്.ബി.ഐ സമ്മര്‍ദം ശക്തമാക്കിയതോടെ എസ്.ബി.ടിയിലെ വിവിധ ജോലികളില്‍ പുറംകരാര്‍ നല്‍കാനുള്ള നീക്കം സജീവമായി. എ.ടി.എമ്മില്‍ പണം നിറക്കല്‍, സുരക്ഷാ ചുമതലകള്‍ എന്നിവ എസ്.ബി.ഐയുടെ മാതൃകയില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കും. ക്ളീനിങ്, പ്യൂണ്‍ വിഭാഗങ്ങളില്‍ നിലവിലെ താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാന്‍ മാനേജ്മെന്‍റ് നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിന്‍െറ ഭാഗമായി നിലവില്‍ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. സെപ്റ്റംബറില്‍തന്നെ പുറംകരാര്‍ അടക്കമുള്ള പരിഷ്കാരങ്ങള്‍ എല്ലാ ബ്രാഞ്ചുകളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതത്രെ. അതിനിടെ ഹൈടെക് എ.ടി.എം തട്ടിപ്പിന്‍െറ സാഹചര്യത്തില്‍ പണം നിറക്കല്‍ ചുമതലയുള്‍പ്പെടെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. എസ്.ബി.ടി ജീവനക്കാരെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നത് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി വിവിധ ജില്ലകളില്‍ ബാങ്കിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഓടുന്ന കാഷ് വാനുകള്‍ പിന്‍വലിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പണം നിറക്കല്‍ അടക്കമുള്ള ജോലികള്‍കൂടി പുറംകരാര്‍ നല്‍കിയാല്‍ നിലവിലെ ജീവനക്കാര്‍തന്നെ അധികമാവുന്നതിന് പുറമേ ക്ളറിക്കല്‍ തസ്തികകളിലുള്‍പ്പെടെ പുതിയ തൊഴിലവസരങ്ങള്‍ നാമമാത്രമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്യൂണ്‍ തസ്തികയില്‍ മൂന്നുവര്‍ഷമായി സ്ഥിരനിയമനം എസ്.ബി.ടിയില്‍ നടക്കുന്നില്ല. ലയനം യഥാര്‍ഥ്യമായാല്‍ ഇനി ഈ തസ്തികയിലേക്ക് സ്ഥിരനിയമനം ഉണ്ടാവില്ളെന്ന് ഉറപ്പായി. അതിനിടെ എസ്.ബി.ടി ജീവനക്കാര്‍ക്ക് എസ്.ബി.ഐയുടെ സേവന -വേതന വ്യവസ്ഥയിലേക്ക് മാറുന്നതിന് നല്‍കിയിട്ടുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇതിനു മുമ്പ് രണ്ടുതവണ ഇതുസംബന്ധിച്ച് എസ്.ബി.ഐ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും 9000ത്തോളം ജീവനക്കാരില്‍ 400ഓളം പേര്‍ മാത്രമാണ് എസ്.ബി.ഐയുടെ സ്കീമിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചത്. എസ്.ബി.ടിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മിക്കതും എസ്.ബി.ഐയില്‍ ലഭിക്കാത്തതാണ് കാരണം. എസ്.ബി.ഐയുടെ സേവനവേതന വ്യവസ്ഥ എസ്.ബി.ടിയിലും നടപ്പാക്കിയെങ്കില്‍ മാത്രമേ ലയനത്തിന്‍െറ ആദ്യഘട്ട നടപടികള്‍ ആരംഭിക്കാനാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.