മഷി തൊട്ട് വോട്ട് ചെയ്ത് കുട്ടി വോട്ടര്‍മാര്‍

തേവലക്കര: നിരനിരയായി കാത്തുനിന്ന വോട്ടര്‍മാര്‍ ഇടത് കൈയുടെ ചൂണ്ടുവിരലില്‍ മഷി തൊട്ട് വോട്ട് കുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. ബാലറ്റും ബാലറ്റ് പെട്ടിയും വോട്ടിങ് കമ്പാര്‍ട്ടുമെന്‍റും വോട്ടര്‍പട്ടികയും രജിസ്റ്ററും ഒക്കെ കാത്തുനിന്ന് വാങ്ങിയതും ക്ളാസ്മുറികളില്‍ തയാറാക്കിയ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരും പോളിങ് ഉദ്യോഗസ്ഥരായതുമൊക്കെ കുട്ടികളായിരുന്നു. കോയിവിള അയ്യന്‍കോയിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി കുട്ടിപോളിങ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാതൃകാതെരഞ്ഞെടുപ്പ് നടത്തിയത്. ഓരോ ക്ളാസ് മുറിയെയും പോളിങ് കേന്ദ്രമാക്കിയപ്പോള്‍ മറ്റ് ക്ളാസ് മുറികളിലെ കുട്ടികളായിരുന്നു പോളിങ് ഉദ്യോഗസ്ഥരായത്. ക്ളാസ് ടീച്ചര്‍മാര്‍ പ്രിസൈഡിങ് ഓഫിസര്‍മാരുമായി. തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് കുട്ടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനാധിപത്യത്തിന്‍െറ നെടുംതൂണായ തെരഞ്ഞെടുപ്പിന്‍െറ നടപടിക്രമങ്ങള്‍ നേരിട്ടനുഭവിച്ചറിഞ്ഞത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി ഒന്നരമണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് വിജയികളായ പാര്‍ലമെന്‍റംഗങ്ങളെ തെരഞ്ഞെടുത്തത്. അധ്യാപകനായ എസ്. അബ്ദുല്‍സമദാണ് റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. അധ്യാപകരായ എമേഴ്സണ്‍, സി.ജി. സാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.