കിളികൊല്ലൂരില്‍ സിഗ്നല്‍ ലൈറ്റില്ല; അപകടങ്ങള്‍ പെരുകുന്നു

കിളികൊല്ലൂര്‍: അനധികൃത പാര്‍ക്കിങ്ങും അധികൃതരുടെ അനാസ്ഥയുംമൂലം അപകടം പതിവാകുന്ന കിളികൊല്ലൂരില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ ദേശീയപാതയിലാണ് അപകടം പതിവാകുന്നത്. ഒരു വര്‍ഷത്തിനിടെ ഈ റോഡില്‍ പൊലിഞ്ഞത് ഒമ്പത് ജീവനാണ്. അപകടങ്ങളില്‍പ്പെട്ടത് ഭൂരിഭാഗവും ഇരുചക്രവാഹന യാത്രികര്‍. കരിക്കോട് പെട്രോള്‍ പമ്പിന് സമീപം രാത്രികാലങ്ങളില്‍ സ്വകാര്യ ബസുകള്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യുന്നതും വ്യാപാര സ്ഥാപനങ്ങളിലത്തെുന്ന വാഹനങ്ങള്‍ റോഡില്‍ കയറ്റി നിര്‍ത്തുന്നതും അപകടത്തിന് കാരണമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ റൂട്ടില്‍ കോയിക്കല്‍ ജങ്ഷന് സമീപത്തെ പാലക്കടവ് പാലം, മൂന്നാംകുറ്റി റെയില്‍വെ മേല്‍പാലം, കരിക്കോട് മേല്‍പാലം എന്നിങ്ങനെ മൂന്ന് പാലങ്ങളാണുള്ളത്. കോയിക്കല്‍ പാലം വീതി കുറഞ്ഞതാണ്. ഇടുങ്ങിയ പാലം കടന്ന് അമിത വേഗത്തിലാണ് സ്വകാര്യ ബസുകളടക്കം കരിക്കോട് ഭാഗത്തേക്ക് വരുന്നത്. ഇതിനിടെ കല്ലുംതാഴം ജങ്ഷനിലെ കുരുക്കിലകപ്പെടുന്നതോടെ ബസുകളുടെ മരണപ്പാച്ചിലാണ്. മൂന്നാംകുറ്റി ജങ്ഷന്‍ ഇറക്കം ഇറങ്ങി അതേ വേഗത്തിലാണ് മേല്‍പാലം കടക്കുന്നത്. വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കിളികൊല്ലൂര്‍ മുതല്‍ കരിക്കോട് വരെ അപകടമേഖലയായി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിയന്ത്രണമില്ലാതെ പായുന്ന റോഡില്‍ അപകട മേഖല ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. അപകട മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2013 മുതല്‍ പൊതുമരാമത്ത് വിഭാഗത്തിനും കോര്‍പറേഷനും പൊലീസിനും നിവേദനം നല്‍കി കാത്തിരിക്കുന്നവരാണ് ഇവിടത്തുകാര്‍. എന്നാല്‍, അധികൃതര്‍ നിസ്സംഗത തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.