ആശുപത്രികളിലെ മാലിന്യനിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമല്ളെന്ന് ആക്ഷേപം

വര്‍ക്കല: താലൂക്കിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനം അപര്യാപ്തവും കാര്യക്ഷമമല്ളെന്നും വ്യാപക ആക്ഷേപം. വലുതും ചെറുതുമായ നൂറോളം സ്വകാര്യ ആശുപത്രികളും നിരവധി സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം കുമിഞ്ഞുകൂടുന്ന ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ ഇവിടങ്ങളില്‍ സംവിധാനവുമില്ല. മിക്കവാറും ആശുപത്രികളിലെല്ലാം മാലിന്യങ്ങള്‍ തീയിട്ടും കുഴിച്ചുമൂടിയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ ആശുപത്രി വളപ്പിലെ പൊന്തക്കാട്ടില്‍ തള്ളുന്ന പതിവുമുണ്ട്. എന്നാല്‍, ഭൂരിഭാഗം ആശുപത്രികളിലും മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ രാത്രിയില്‍ വാഹനങ്ങളില്‍ കയറ്റുക്കൊണ്ടുപോയി തുറസ്സായ സ്ഥലങ്ങളില്‍ തള്ളുകയാണ് ചെയ്യുന്നത്. ഈ മാലിന്യം കാക്കകളും തെരുവുനായ്ക്കളും ചുറ്റുവട്ടത്തെ കിണറുകളിലും കുളങ്ങളിലും കൊണ്ടുപോയി തള്ളുന്നു. താലൂക്കിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലായി അനുദിനം ചികിത്സതേടി എത്തുന്നവര്‍ ആയിരിക്കണക്കിനാണ്. എന്നാല്‍, താലൂക്കിലെ ഒരാശുപത്രിയിലും മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റുകളില്ല. പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധമുണ്ടെങ്കിലും സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രി പരിസരങ്ങളിലെല്ലാം ഇവ കുമിഞ്ഞുകൂടുന്നുണ്ട്. ആശുപത്രികളില്‍ പൊതിച്ചോറ് നിരോധിക്കുമെന്നും കൂട്ടിരിപ്പുകാര്‍ക്ക് പ്രത്യേക ഡൈനിങ് റൂം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഇടക്കിടെ പറയുന്നതല്ലാതെ നടപടി മാത്രം ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടേയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും മിക്കയിടത്തും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനത്തെക്കുറിച്ച് എച്ച്.എം.സിയുള്ള ആശുപത്രികളില്‍പോലും ചര്‍ച്ച നടക്കാറില്ളെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ആശുപത്രികളുടേയും ആരോഗ്യപ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ ഇതൊന്നും തങ്ങളുടെ ചുമതലയല്ളെന്ന നിലപാടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.