വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത സുഹൃത്ത് അറസ്റ്റില്‍

വര്‍ക്കല: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലാവുകയും ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. പുനലൂര്‍ സ്വദേശിയും അയിരൂര്‍ ചന്തമുക്കില്‍ നന്ദുഭവന്‍ ഫ്ളാറ്റില്‍ താമസക്കാരനുമായ മുഹമ്മദ് ഷാന്‍ (22) ആണ് അറസ്റ്റിലായത്. കബളിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അയിരൂര്‍ കുഴിവിളമുക്കിലെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീടിനകത്തും പുറത്തുമായി എട്ട് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്ന വീട്ടില്‍നിന്ന് മോഷണത്തിന്‍െറ യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി സഹപാഠിയായ പെണ്‍കുട്ടിയില്‍നിന്ന് ആദ്യം അഞ്ച് പവനോളം സ്വര്‍ണം കൈക്കലാക്കി. പിന്നീട് പെണ്‍കുട്ടിയുമായുള്ള അടുപ്പം മതിയാക്കി. പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലുമെന്നും വീട്ടുകാരെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ കാണിക്കുമെന്നും ഭീഷണിപ്പെടുത്തി 46 പവന്‍ കൂടി കൈക്കലാക്കി. ഇത് വിറ്റ് അര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സ്വര്‍ണം വിറ്റുകിട്ടിയ 6,90,000 രൂപയും നാല് പവനോളം ആഭരണങ്ങളും പ്രതിയുടെ സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ശേഷിക്കുന്ന സ്വര്‍ണം വിറ്റ ജ്വല്ലറികളില്‍നിന്ന് പൊലീസ് വീണ്ടെടുത്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ചന്ദ്രശേഖരന്‍പിള്ളയുടെ നേതൃത്വത്തില്‍ വര്‍ക്കല സി.ഐ ആര്‍. അശോക്കുമാറും അയിരൂര്‍ എസ്.ഐ എം. ഷഹീറുമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.