കൊല്ലം ജില്ലയിലെ വെടിക്കെട്ടുകളില്‍ ഏറെയും അനുമതിയില്ലാതെ

കൊല്ലം: ജില്ലയില്‍ നടക്കുന്ന വെടിക്കെട്ടുകളില്‍ ഏറെയും അനുമതിയില്ലാതെ. എന്നാല്‍, പൊലീസിന്‍െറ മൗനാനുവാദം ഇവയ്ക്കുണ്ടാവുന്നു. 1990 ഫെബ്രുവരി 23നുണ്ടായ അപകടത്തെതുടര്‍ന്ന് വെടിക്കെട്ട് നിരോധിച്ചിട്ടുള്ള മലനടയിലും പതിവുപോലെ ഇത്തവണയും കമ്പം നടന്നത് ബന്ധപ്പെട്ടവരുടെ മൗനാനുവാദത്തോടെയായിരുന്നു. ഇക്കൊല്ലം മൂന്ന് ക്ഷേത്രങ്ങള്‍ക്കാണ് കരിമരുന്ന് പ്രയോഗം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. പേരൂര്‍, തിരുമുല്ലവാരം, തലവൂര്‍ ക്ഷേത്രങ്ങള്‍ക്കാണിത്. കഴിഞ്ഞവര്‍ഷം ഏഴ് ക്ഷേത്രങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. മലനടയില്‍ ഇക്കുറിയും വെടിക്കെട്ട് നടക്കുമെന്ന ഇന്‍റലജിന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ലക്ഷങ്ങളുടെ വെടിമരുന്ന് ഇവിടെ ഉപയോഗിച്ചത്. അഞ്ചല്‍ മേഖലയിലും വലുതല്ലാത്ത കമ്പം നടക്കാറുണ്ട്. അഞ്ചല്‍, അറക്കല്‍, ഏരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകാശദീപക്കാഴ്ച എന്ന പേരിലാണ് ഇത് നടത്തുന്നത്. മത്സരക്കമ്പമല്ളെന്ന് മാത്രം. കല്‍കുളത്ത് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത് പിന്നീട് പിന്‍വലിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ക്ഷേത്ര ഭരണസമിതി സമരം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കമ്പം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കലക്ടറുടെ ഉത്തരവ് മാനിച്ച് കമ്പം ഉപേക്ഷിച്ചതായി ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു. അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ കമ്പം നടത്തുന്നത് കേസെടുത്ത് ഒതുക്കാനായിരുന്നു പൊലീസിന്‍െറ നീക്കം. ഇതിനായി ഒരു കമ്പപ്പുരയില്‍നിന്ന് കുറച്ച് വെടിമരുന്ന് നീക്കിവെച്ചിരുന്നതായും പറയുന്നു. എന്നാല്‍, ഇത്തവണത്തെ കമ്പം വന്‍ദുരന്തത്തില്‍ കലാശിച്ചതോടെ പൊലീസ് നിലപാട് ചോദ്യംചെയ്യപ്പെടുകയായിരുന്നു. 1998ല്‍ അനുമതിയില്ലാതെ മത്സരക്കമ്പം നടത്തിയതിന് പുറ്റിങ്ങല്‍ ദേവസ്വത്തിനെതിരെ പരവൂര്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിസ്സംഗത പാലിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.