പന്മന: അടിസ്ഥാന ആവശ്യങ്ങള്‍ പോയിട്ട് കുടിക്കാന്‍ പോലും ഒരുതുള്ളി വെള്ളം കിട്ടാതായതോടെ ശുദ്ധജലം യഥേഷ്ടം ലഭിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു. പന്മന ഗ്രാമപഞ്ചായത്തിലും കെ.എം.എം.എല്ലിനും വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കുമുമ്പ് കുറ്റിവട്ടം വാര്‍ഡിലെ കൊതിമുക്കില്‍ വട്ടക്കായലിന് അരികിലായി നിര്‍മാണം ആരംഭിച്ച പദ്ധതിയാണ് ആരംഭത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ടത്. എറണാകുളത്തെ കമ്പനി കരാറെടുത്ത പദ്ധതി പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. പള്ളിക്കലാറില്‍നിന്നും വട്ടക്കായലില്‍നിന്നും വെള്ളമെടുത്ത് ശുദ്ധീകരിച്ച് കമ്പനിയിലേക്കും പരിസര വാര്‍ഡുകളിലേക്കും എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിന് പൂര്‍ണമായ രീതിയില്‍ പരിഹാരവും കണ്ടേനേ. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും, 2011ല്‍ ജലനിധി സമ്പൂര്‍ണ കുടിവെള്ള പദ്ധതി ആരംഭിക്കുകയും ചെയ്തതോടെ ഇത് പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. വേനല്‍ കടുത്തതോടെ കുറ്റിവട്ടം, വടക്കുംതല വാര്‍ഡുകളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് പദ്ധതിക്കായുള്ള മുറവിളി ഉയരുന്നത്. ഡീസാലിനേഷന്‍ പ്ളാന്‍റിന്‍െറ സാങ്കേതിക പ്ളാനും എച്ച്.ഡി.പി ലൈനുകളും കമ്പനിയുടെ കൈവശമുള്ളതിനാല്‍ നിര്‍മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുമാകും എന്നാണ് കരുതപ്പെടുന്നത്. കായല്‍ത്തീരമായതിനാല്‍ ലൈന്‍ പൈപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ വെള്ളത്തിനുള്ള ഏക ആശ്രയം. കുറ്റിവട്ടം വാര്‍ഡില്‍ മാത്രം 690 വാട്ടര്‍ അതോറിറ്റി ടാപ്പുകളാണ് ജലനിധി പദ്ധതിക്കായി ഒഴിവാക്കിയത്. ജലനിധി വഴിയുള്ള വെള്ളം നിലച്ചതോടെ രണ്ടുമില്ലാത്ത സ്ഥിതിയില്‍ നട്ടംതിരിയുകയാണ് നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍. വാട്ടര്‍ അതോറിറ്റി മനസ്സുവെച്ചാല്‍ കന്നേറ്റിയിലൂടെ പോകുന്ന ഓച്ചിറ കുടിവെള്ള പദ്ധതിയുമായി കണക്ട് ചെയ്ത് വെള്ളം നല്‍കാനാകുമെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ തടസ്സങ്ങളുള്ളത് കാരണം ശരിക്കും കുടിവെള്ളം മുട്ടിയിരിക്കുകയാണ് വടക്കുംതലയിലെ രണ്ട് വാര്‍ഡു നിവാസികള്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.