ഈ വര്‍ഷവും അനുമതിയില്ലാതെ വെടിക്കെട്ട്

ശാസ്താംകോട്ട: 1990ലെ വെടിക്കെട്ട് ദുരന്തത്തിനുശേഷം ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ച പോരുവഴി പെരുവിരുത്തി മലനടയില്‍ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് മണിക്കൂറുകള്‍ നീണ്ട വെടിക്കെട്ട് ഈ വര്‍ഷവും നടന്നു. ജില്ലാ ഭരണകൂടത്തിന്‍െറ അനുമതിക്കായി നിരാക്ഷേപ പത്രം നല്‍കാന്‍ വിസമ്മതിച്ച പൊലീസിലെ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നിത്. ഒന്നര കിലോമീറ്ററോളം ചുറ്റളവില്‍ വയല്‍പ്പരപ്പുള്ള ക്ഷേത്രമാണ് മലനട. വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതിന്‍െറ ഭാഗമായി വനം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, റവന്യൂ, എക്സ്പ്ളോസിവ് കമീഷണറേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളില്‍നിന്ന് ക്ഷേത്ര ഭരണസമിതിക്ക് നിരാക്ഷേപ പത്രം ലഭിക്കാറുണ്ട്. എന്നാല്‍, ശാസ്താംകോട്ട സര്‍ക്ക്ള്‍ ഓഫിസില്‍നിന്ന് ഇതു നല്‍കാറില്ല. അപകടമുണ്ടാകുമോയെന്ന ഭീതിയും കൂടാതെ സാമ്പത്തിക ഇടപാടുകളുമാണ് ഇതിനു പിന്നിലെന്ന് പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി കൊല്ലം റൂറല്‍ പൊലീസിലെ ഒരുകൂട്ടം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും മൗനാനുവാദത്തോടെയും വെടിക്കെട്ട് നടക്കുന്നത്. ഇതിന്‍െറ പേരില്‍ ക്ഷേത്ര ഫണ്ടില്‍നിന്ന് ഗണ്യമായ തുക പൊലീസിലേക്ക് ഒഴുകുന്നുണ്ടെന്ന് വിശ്വാസികള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. 2006 മാര്‍ച്ച് 24 ലെ മലക്കുട നാളില്‍ ക്ഷേത്രത്തില്‍ പൊട്ടിക്കാനായുള്ള വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഇടക്കാട് നിവാസിയായ ശാരദയുടെ കോണ്‍ക്രീറ്റ് വീട് ഉഗ്രസ്ഫോടനത്തോടെ നിലംപതിച്ചിരുന്നു. ഈ വര്‍ഷം വെടിക്കെട്ട് തുടങ്ങിയ ഉടന്‍ കാഴ്ചക്കാരിയായി നിന്ന അമ്പലത്തുംഭാഗം സ്വദേശിനി ലത മോഹാലസ്യപ്പെട്ട് വീണിരുന്നു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കുഴപ്പമില്ളെന്ന് സ്ഥീകരിക്കുംവരെ പൊലീസിന്‍െറ നിര്‍ദേശാനുസരണം വെടിക്കെട്ട് നിര്‍ത്തിവെച്ചിരുന്നു. വെടിക്കെട്ട് സംബന്ധിച്ച് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം ഈ വര്‍ഷവും നിരവധി റിപ്പോര്‍ട്ടുകള്‍ ഉന്നതാധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.