എല്ലാം സംഭവിച്ചത് മിനിറ്റുകള്‍ക്കകം...

തിരുവനന്തപുരം: ‘ഞങ്ങള്‍ ആറുപേര്‍ ചേര്‍ന്നാണ് വെടിക്കെട്ട് കാണാന്‍ പോയത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി കേട്ടു. പിന്നെ തീഗോളം ആകാശത്തേക്ക് പടര്‍ന്നു. വെടിക്കെട്ട് നടക്കുന്നതിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് ഇതുകേട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവുംമുമ്പ് സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടം പൊളിഞ്ഞ് താഴേക്ക് വീണു. ഇതെല്ലാം ഒന്നോ രണ്ടോ മിനിറ്റില്‍ കഴിഞ്ഞു. കണ്‍മുന്നില്‍ നടന്ന ദുരന്തത്തിന്‍െറ നേര്‍ക്കാഴ്ച വിവരിക്കവെ പരവൂര്‍ മരതംപള്ളി സ്വദേശി രാജന്‍െറ(40) ശബ്ദമിടറി. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും എല്ലാ കൊല്ലവും വെടിക്കെട്ട് കാണാന്‍ പോകുന്നതാണ്. ഞായറാഴ്ച പുലര്‍ച്ചെ വെടിക്കെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്. അശ്രദ്ധകൊണ്ടാണ് ഇത്രയും വലിയ ദുരന്തമുണ്ടായതെന്നാണ് തന്‍െറ വിശ്വാസം. ആദ്യം ചെറിയ പടക്കങ്ങളാണ് പൊട്ടിത്തുടങ്ങിയത്. പിന്നെ വലിയ ശബ്ദത്തിലുള്ളവ പൊട്ടി. ആകാശവര്‍ണങ്ങള്‍ നിറയുന്ന കാഴ്ച കണ്ടിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. പുലര്‍ച്ചെ മൂന്നോടെ ചായ കുടിക്കാനായി കൂട്ടുകാരോടൊപ്പം പോയി. തിരിച്ചുവന്ന് വെടിക്കെട്ട് നടക്കുന്നതിന് വാരകള്‍ അകലെ നില്‍ക്കവെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. എല്ലാം അവസാനിച്ചെന്നുതന്നെ കരുതി. കെട്ടിടത്തിന്‍െറ അവശിഷ്ടം പതിച്ച് തലക്ക് പരിക്കേറ്റു. കാലിനും പൊള്ളലേറ്റു. അവശനിലയിലായ തന്നെ ആരൊക്കെയോ ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരെ കണ്ടപ്പോഴാണ് ഗുരുതരപ്രശ്നങ്ങള്‍ ഇല്ളെന്ന് ബോധ്യമായത്. കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളത്തെുമെന്നും അവരെ കാത്തിരിക്കുകയാണെന്നും രാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.