കിഴക്കന്‍ മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം സ്വപ്നംമാത്രം

പത്തനാപുരം: കിഴക്കന്‍ മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം സ്വപ്നം മാത്രമാണ്. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഉറങ്ങാനാകാതെ വിറങ്ങലിക്കുകയാണ് ഏറെപ്പേരും. സര്‍ക്കാര്‍ ധനസഹായം പോരാതെ വായ്പയെടുത്ത് വീടുപണി തുടങ്ങിയവര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് അടിത്തറ പോലും നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ വീടെന്ന സ്വപ്നം പലരും ഉപേക്ഷിച്ചു. ചെമ്പനരുവി, അച്ചന്‍കോവില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍പദ്ധതിപ്രകാരമുള്ള ഭവനനിര്‍മാണം പാതിവഴിയില്‍ നിലച്ച നിലയിലാണ്. വൃദ്ധരും കുട്ടികളുമടക്കം ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന കുടിലുകളിലാണ് താമസം. മേഖലയില്‍ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും മീറ്റര്‍ ഘടിപ്പിക്കാന്‍ സ്ഥലമില്ലാതെ പോസ്റ്റുകളിലും തൂണുകളിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവരിലധികവും കൂടുതല്‍ സമയവും കുട്ടികളുമായി ഉള്‍വനത്തിലാകും കഴിയുക. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോകുന്ന ഇവര്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിവരുക. ചെമ്പനരുവി, കുരിയോട്ടുമല, ചെരിപ്പിട്ടകാവ് തുടങ്ങിയ ആദിവാസി മേഖലകള്‍ക്കുപുറമേ കടയ്ക്കാമണ്‍ ഉള്‍പ്പെടെയുള്ള കോളനികളിലും മിക്ക വീടുകളും നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുപുറമേ ജനറല്‍ വിഭാഗത്തില്‍പെട്ടവരും അധികൃതരില്‍നിന്ന് ലഭിച്ച പരിമിതമായ തുകകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകാത്ത നിലയിലാണ്. ത്രിതല പഞ്ചായത്തുകളിലും ബജറ്റില്‍ വര്‍ഷാവര്‍ഷം വിവിധ പാര്‍പ്പിടപദ്ധതികള്‍ നടപ്പാക്കാറുണ്ടെങ്കിലും അവ യഥാര്‍ഥ അവകാശികളിലത്തെുന്നില്ളെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.