സുരക്ഷാഭടന്മാര്‍ പിന്മാറി; തെന്മല ഡാം ഭീഷണിയില്‍

പുനലൂര്‍: കല്ലട ജലസേചന പദ്ധതിയുടെ ആസ്ഥാനമായ തെന്മല ഡാമില്‍ സുരക്ഷാ ഭടന്മാര്‍ പിന്മാറി. ഇതോടെ ഡാം സുരക്ഷാഭീഷണി നേരിടുകയാണ്. ദിവസവും വിനോദസഞ്ചാരികളായും അല്ലാതെയും നൂറുകണക്കിന് ആളുകള്‍ എത്തുന്ന അതീവ സുരക്ഷാകേന്ദ്രമായ ഡാമിലും പരിസരത്തും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാവുന്ന അവസ്ഥയാണ്. ഡാമിന്‍െറ സുരക്ഷിതത്വം കൂടുതല്‍ ശക്തമാക്കണമെന്ന് കഴിഞ്ഞ മാസവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ഡാം സുരക്ഷാ അതോറിറ്റിയുടെയും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പൊലീസിന്‍െറ അടക്കം സേവനം ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നവരുടെ പിന്മാറ്റം. ഇവരുടെ കരാര്‍ പുതുക്കിയില്ളെന്നും ശമ്പള കുടിശ്ശിക നല്‍കിയില്ളെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇവര്‍ പിന്മാറിയത്. വിമുക്തഭടന്മാരുടെ സൊസൈറ്റിയാണ് സുരക്ഷാ കരാര്‍ എടുത്തിരുന്നത്. ദിവസം മുഴുവന്‍ 15 പേരുടെ സേവനം ഡാമിന്‍െറ പ്രവേശകവാടത്തിലും ചുറ്റുവട്ടത്തുമുണ്ടായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 27 ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്. കൂടാതെ ഏപ്രില്‍ ആറിന് ഇവരുമായി കെ.ഐ.പി ഉണ്ടാക്കിയിരുന്ന കരാര്‍ അവസാനിച്ചു. കരാര്‍ പുതുക്കാനോ കുടിശ്ശിക നല്‍കാനോ കെ.ഐ.പി തയാറായില്ല. സുരക്ഷാഭടന്മാര്‍ പിന്മാറിയതോടെ കെ.ഐ.പിയുടെ ജീവനക്കാരെ സുരക്ഷാജോലിക്ക് നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വിരലിലെണ്ണാവുന്ന ജീവനക്കാരുള്ള കെ.ഐ.പിയില്‍ സുരക്ഷാ ജോലിക്ക് ഇവരെ നിയമിച്ചാല്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍, സുരക്ഷാ ജീവനക്കാരുടെ കരാര്‍ രണ്ടുമാസത്തേക്ക് കൂടി പുതുക്കി അടുത്ത ദിവസം തന്നെ ഇവര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് കെ.ഐ.പി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുജ പറഞ്ഞു. അതുവരെയും കെ.ഐ.പി ജീവനക്കാര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.