കൊല്ലം: സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ ജില്ലയിലെ കോണ്‍ഗ്രസില്‍ കലാപം. ജില്ലയില്‍നിന്നുള്ള ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, കേരള ദലിത് ഫെഡറേഷന്‍ പ്രസിഡന്‍റ് പി. രാമഭദ്രന്‍, വെള്ളാള മഹാസഭ പ്രസിഡന്‍റ് കൂടിയായ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പുനലൂര്‍ മധു എന്നിവരാണ് പ്രധാനമായും ഒഴിവാക്കപ്പെട്ടത്. ബിന്ദു കൃഷ്ണയുടെ പേര് ആദ്യ പട്ടികയില്‍ ഡല്‍ഹിയില്‍നിന്ന് വന്നിരുന്നു. എന്നാല്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കൊല്ലം സീറ്റിനുവേണ്ടി പിടിമുറുക്കിയതാണ് ബിന്ദു പുറത്താകാന്‍ കാരണം. സുധീരന് ഏറെ വ്യക്തി ബന്ധമുണ്ടായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന അന്തരിച്ച തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിക്കുവേണ്ടിയാണ് സീറ്റ് ആവശ്യപ്പെട്ടത്. ഡി.സി.സി വൈസ് പ്രസിഡന്‍റാണ് സൂരജ്. മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ശങ്കറിന്‍െറ മകനും എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്‍റുമായ കോണ്‍ഗ്രസ് നേതാവ് മോഹന്‍ ശങ്കറിന്‍െറ പേരാണ് നേരത്തേ സജീവമായി ചര്‍ച്ച ചെയ്തിരുന്നത്. സൂരജിന് സീറ്റ് നല്‍കിയതിനെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. വിമത സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അറിയുന്നു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡോ. ഉദയാ കരുമാലില്‍ സുകുമാരന്‍ പരസ്യമായി രംഗത്തുവന്നു. കെ.പി.സി.സി പ്രസിഡന്‍റിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിന്ദുവിന് സീറ്റ് നിഷേധിച്ചതോടെ ജില്ലയിലെ മഹിളാ കോണ്‍ഗ്രസും പ്രതിഷേധത്തിലാണ്. ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ കൊട്ടാരക്കരയില്‍ സീറ്റ് ഉറപ്പിച്ചതാണ്. തെരഞ്ഞെടുപ്പ് സമിതിയിലേക്ക് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി എത്തിയതാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ ആരോപിക്കുന്നു. കാഷ്യൂ കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടുന്നയാളെ മത്സരിപ്പിക്കാന്‍ പാടില്ളെന്നായിരുന്നു വാദം. പകരം കൊടിക്കുന്നിലിന്‍െറ നോമിനിയായി ജില്ലാ പഞ്ചായത്ത് അംഗം രശ്മിയെ പരിഗണിക്കുകയും അവര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അവധിയിലുള്ള ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍റ മകനുമായ സവിന്‍ സ്ഥാനാര്‍ഥിയായത്. ഇതില്‍ കൊടിക്കുന്നില്‍ സുരേഷ് സംതൃപ്തനല്ല. സ്ഥലം എം.പിയെന്ന നിലയില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായി പറയുന്നു. ജില്ലയിലെ മുസ്ലിം ജനവിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്തരാണ്. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായ എ.എ. അസീസിനെതിരെ എം. നൗഷാദിനെ സി.പി.എം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ യു.ഡി.എഫ് വിജയ സാധ്യത കുറഞ്ഞ രണ്ടു മണ്ഡലങ്ങള്‍ മുസ്ലിം സമുദായക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതി. പുനലൂര്‍ മുസ്ലിം ലീഗിന് നല്‍കിയപ്പോള്‍ ഒരിക്കല്‍ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്താണ് കെ.പി.സി.സി വൈസ് പ്രസിഡന്‍റ എം.എം. ഹസനെ സ്ഥാനാര്‍ഥിയാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കം ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ മുസ്ലിം വോട്ടുകള്‍ വിഭജിക്കപ്പെടുമെന്നും അവര്‍ പറയുന്നു. മുസ്ലിം വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ള കരുനാഗപ്പള്ളിയിലായിരുന്നു മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടിയിരുന്നത്. മറ്റു സമുദായങ്ങളുടെ കാര്യത്തില്‍ മണ്ഡലത്തിന്‍െറ പൊതുസ്വഭാവം നോക്കിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വെള്ളാള മഹാസഭ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പുനലൂര്‍ മധുവിന് സീറ്റ് നിഷേധിച്ചതില്‍ സംഘടന പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ലീഗിനെതിരെ രംഗത്തുണ്ട്. കരുനാഗപ്പള്ളിയിലും സ്ഥാനാര്‍ഥി നിര്‍ണയം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ദലിത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കിയില്ളെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.