വയോജനങ്ങള്‍ വൃദ്ധസദനങ്ങളിലേക്ക്

കൊല്ലം: നാലു വര്‍ഷത്തിനിടെ കേരളത്തിലെ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ എണ്ണത്തിലുള്ള വര്‍ധന 69 ശതമാനത്തിലധികം.താമസക്കാരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. വയോജനങ്ങളോടുള്ള നിഷേധാത്മക നിലപാടുകളാണ് വൃദ്ധസദനങ്ങള്‍ വര്‍ധിക്കാനും താമസക്കാരുടെ എണ്ണം പെരുകാനും കാരണമെന്ന് സാമൂഹികനീതി വകുപ്പ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും പരിരക്ഷയും സംബന്ധിച്ച 2007ലെ നിയമം ഫലപ്രദമായി നടപ്പാക്കേണ്ട ആവശ്യകത സംബന്ധിച്ചും 2013ലെ മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള സംസ്ഥാനനയം പ്രാവര്‍ത്തികമാക്കേണ്ടത് സംബന്ധിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്ന കര്‍മപരിപാടികള്‍ക്ക് സാമൂഹികനീതി വകുപ്പ് തുടക്കം കുറിക്കും. ‘തണലേകിയവര്‍ക്ക് തണലാകാം’ എന്ന പേരില്‍ സമഗ്ര പ്രചാരണ പരിപാടിയാണ് സാമൂഹിക നീതി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊല്ലം ഗവ. വൃദ്ധസദനത്തില്‍ ഒക്ടോബര്‍ ഒന്നിന് നടത്തുന്ന ലോക വയോജനദിനാഘോഷത്തോടനുബന്ധിച്ച് വയോജനനയം-2013, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളും കലാ-സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സംവാദവും ഒപ്പം കലാപരിപാടികളും നടത്തുമെന്ന് സൂപ്രണ്ട് ബി. മോഹനന്‍ പറഞ്ഞു. 2006ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ മൊത്തം ജനസംഖ്യയുടെ 11 ശതമാനമായിരുന്നു മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത് 2050 ആകുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 22 ശതമാനമാകുമെന്നാണ്. ഇന്ത്യയിലെ വയോജനങ്ങളുടെ സംഖ്യയും ത്വരിത ഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 1961ല്‍ ഇന്ത്യയില്‍ വയോജനങ്ങളുടെ സംഖ്യ ആകെ ജനസംഖ്യയുടെ 5.8 ശതമാനവും 1991ല്‍ 6.8 ശതമാനവുമായിരുന്നു. അടുത്ത വര്‍ഷം 2016 ആകുന്നതോടെ ഇത് 8.9 ശതമാനമാകുമെന്ന് കണക്കാക്കപ്പെടുന്നു. 1991ലെ കണക്ക് എടുക്കുമ്പോള്‍ പൊതുവായ ജനസംഖ്യാവര്‍ധനയെ അപേക്ഷിച്ച് വയോജനങ്ങളുടെ വര്‍ധന 60 ശതമാനത്തില്‍ അധികമാകും. കേരളത്തിലെ വയോജന സംഖ്യയുടെ പ്രധാന സവിശേഷത അതില്‍ ഒരു വലിയ വിഭാഗം വിധവകളാണെന്നാണ്. 1991ല്‍ 60-69 വയസ്സ് പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ അഞ്ചു ശതമാനം പേര്‍ മാത്രമായിരുന്നു വിഭാര്യന്മാര്‍. എന്നാല്‍ അതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 53.8 ശതമാനം പേര്‍ വിധവകളായിരുന്നു. ഈ നിരക്ക് 70 വയസ്സിന് മുകളിലേക്ക് വരുമ്പോള്‍ രണ്ടിരട്ടിയുമായി വര്‍ധിക്കുന്നു-ഗവ. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.