കൊട്ടിയം: ക്ളീന്‍ മേവറം ബൈപാസ് ജങ്ഷന്‍ പദ്ധതി പാളിയതോടെ ജങ്ഷനും ബൈപാസ് റോഡും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ഇവിടെ സ്ഥാപിച്ച നിരീക്ഷണകാമറയും ഹൈമാസ്റ്റ് ലൈറ്റും കാഴ്ചവസ്തുക്കളായി. ജങ്ഷന്‍ സൗന്ദര്യവത്കരിക്കാനുള്ള നേതാജി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളും അട്ടിമറിക്കപ്പെട്ടു. ദേശീയപാതയില്‍ ബൈപാസ് ആരംഭിക്കുന്ന മേവറത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായാണ് വിവിധ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കിയത്. കെ.എന്‍. ബാലഗോപാല്‍ എം.പിയുടെ ഫണ്ടുപയോഗിച്ച് കൊല്ലം കോര്‍പറേഷന്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാണ് ഇരുട്ടിന്‍െറ മറവില്‍ മാലിന്യനിക്ഷേപത്തിന് അറുതിവരുത്തുന്നതിനായുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് മയ്യനാട് പഞ്ചായത്ത് സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് ജങ്ഷനില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. റോഡിന്‍െറ ഇരുവശങ്ങളിലും ആധുനിക സംവിധാനങ്ങളോടുകൂടിയ കാമറകളാണ് സ്ഥാപിച്ചത്. കാമറയുടെ കണ്‍ട്രോള്‍ കൊട്ടിയം സി.ഐയുടെ ഓഫിസിലായിരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിനായുള്ള സംവിധാനങ്ങള്‍ സി.ഐ. ഓഫിസില്‍ ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ഒരു സംവിധാനവും സി.ഐ. ഓഫിസില്‍ ഒരുക്കിയില്ല. ഇതോടെ ബൈപാസ് ജങ്ഷനില്‍ സ്ഥാപിച്ച കാമറകള്‍ നോക്കുകുത്തികളായി. കാമറയില്‍ പതിയുമോ എന്നറിയാന്‍ പലരും രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വീണ്ടും നിക്ഷേപിക്കാന്‍ തുടങ്ങി. കാമറ ഉപയോഗിച്ച് ആരെയും പിടികൂടുന്നില്ളെന്നുകണ്ടതോടെയാണ് വീണ്ടും ഇവിടം മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. വിശേഷദിവസങ്ങളുടെ അടുത്ത ദിവസങ്ങളിലാണ് ബൈപാസ് റോഡില്‍ മാലിന്യങ്ങള്‍ കുന്നുകൂടുക. അറവുമാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ തള്ളുന്നവയിലേറെയും. മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് ഉമയനല്ലൂര്‍ നേതാജി ലൈബ്രറി പ്രവര്‍ത്തകര്‍ ജങ്ഷനെ സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുമായി രംഗത്തത്തെിയത്. മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെയും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, നഴ്സിങ് കോളജ്, എന്‍.എസ്. ആശുപത്രി, എന്‍.എസ്. നഴ്സിങ് കോളജ് എന്നിവയുടെയും സഹകരണത്തോടെ ബൈപാസ് റോഡും പരിസരവും വൃത്തിയാക്കുകയും സൗന്ദര്യവത്കരണപദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. നേതാജി ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തില്‍ വളന്‍റിയര്‍മാര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് രാവിലെയും വൈകീട്ടും ചെടികള്‍ക്ക് വെള്ളം കോരുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു. വെള്ളം വില കൊടുത്ത് വാങ്ങിയാണ് ഇവര്‍ ചെടികള്‍ നനച്ചിരുന്നത്. വെള്ളം ലഭിക്കുന്നതിനാവശ്യമായ പൈപ്പ് സ്ഥാപിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉദ്ഘാടനദിവസം സമ്മതിച്ചിരുന്നെങ്കിലും നടന്നില്ല. ഇതേതുടര്‍ന്നാണ് വെള്ളം വിലകൊടുത്ത് വാങ്ങേണ്ടിവന്നത്. ചെടികള്‍ വളര്‍ന്ന് ജങ്ഷനിലെ മാലിന്യനിക്ഷേപം ഇല്ലാതായപ്പോഴാണ് കാവനാട് മുതല്‍ മേവറം വരെ ദേശീയപാത വീതികൂട്ടുന്നതിന്‍െറ ഭാഗമായി ലൈബ്രറി അധികൃതരും കുട്ടികളും ചേര്‍ന്ന് വെച്ചുപിടിപ്പിച്ച ചെടികള്‍ മണ്ണുമാന്തിയന്ത്രം കൊണ്ട് പിഴുതുമാറ്റിയത്. ദേശീയപാതക്കരികില്‍ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കാന്‍ വന്നവരും ചെടികള്‍ നശിപ്പിച്ചു. ചെടികള്‍ നശിക്കാതിരിക്കാന്‍ സ്ഥാപിച്ച ചുറ്റുവേലിയും നശിപ്പിക്കപ്പെട്ടു. ഉദ്ഘാടനസമ്മേളനത്തില്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്ന പൊലീസുകാരും കാലുമാറി. ഹൈമാസ്റ്റ് ലൈറ്റ് കൂടി പ്രകാശിക്കാതായതാണ് ഏറെ പ്രശ്നമായത്. ഇരുളിന്‍െറ മറവിലാണ് ഇവിടെ മാലിന്യനിക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.