പ്രമുഖ വനിതകളെ ഇറക്കാന്‍ ഇടതുമുന്നണി

കൊല്ലം: പ്രസിഡന്‍റ്പദവി വനിതാസംവരണമായ ജില്ലാപഞ്ചായത്തില്‍ കരുത്തരെ രംഗത്തിറക്കാന്‍ ഇടതുമുന്നണി. എന്നാല്‍, കോണ്‍ഗ്രസ് പട്ടികയില്‍ പ്രമുഖരൊന്നും സ്ഥാനംപിടിച്ചിട്ടില്ല. ഇടതുമുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും പ്രസിഡന്‍റുസ്ഥാനം പങ്കിടുകയാണ് പതിവ്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കോണ്‍ഗ്രസിനായിരിക്കും പ്രസിഡന്‍റ് സ്ഥാനം. ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സി. രാധാമണിയാണ് സി.പി.എം പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഇവര്‍ സി.പിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുന്‍ എം.എല്‍.എയുമായ ആര്‍. ലതാദേവിയെ മത്സരിപ്പിക്കാനാണ് സി.പി.ഐ ആലോചിക്കുന്നത്. വര്‍ക്കല എസ്.എന്‍. കോളജില്‍ അധ്യാപികയായ ഇവര്‍ ഇനിയും സമ്മതം മൂളിയിട്ടില്ല. കോളജില്‍നിന്ന് അവധിയെടുക്കേണ്ടിവരുമെന്നതാണ് തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ സമ്മതം മൂളിയില്ളെങ്കില്‍ നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മ ടീച്ചറെ പരിഗണിച്ചേക്കും. ഇതേസമയം, കോണ്‍ഗ്രസിലെ പ്രമുഖ വനിതാ നേതാക്കള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനുണ്ടാകില്ല. നേരത്തെ ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള മഹിള കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി ഷാഹിദ കമാല്‍, ജില്ലാ പ്രസിഡന്‍റ് കൃഷ്ണവേണി ശര്‍മ എന്നിവര്‍ക്ക് കൊല്ലം കോര്‍പറേഷനിലാണ് വോട്ട്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗമായ തങ്കച്ചി പ്രഭാകരന് ബ്ളോക് പഞ്ചായത്തിലേക്ക് മത്സരിക്കാനാണ് താല്‍പര്യം. മഹിള കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍, ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലെ വനിതാ അംഗങ്ങള്‍ എന്നിവരെയാകും കോണ്‍ഗ്രസ് പരിഗണിക്കുകയെന്നറിയുന്നു. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചശേഷം ഇതുവരെ യു.ഡി.എഫിന് അധികാരത്തില്‍ വരാനായിട്ടില്ല. ആര്‍.എസ്.പിയുടെ മുന്നണിമാറ്റമാണ് യു.ഡി.എഫിന്‍റ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.