കെട്ടിട നികുതി: അഞ്ചു മാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് സോഫ്റ്റ് വെയര്‍ ‘അറിഞ്ഞില്ല’

കുണ്ടറ: കെട്ടിട നികുതി കുറച്ചും തറ വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍െറ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കെട്ടിടനികുതി വര്‍ധന ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും സോഫ്റ്റ്വെയറില്‍ പുതുക്കിയ നിരക്കിലേക്ക് മാറ്റിയിട്ടില്ല. തദ്ദേശ സ്വയംഭരണ (ആര്‍.ഡി) വകുപ്പിന്‍െറ ഉത്തരവനുസരിച്ച് വര്‍ധിപ്പിച്ച കെട്ടിടനികുതി ഭേദഗതി വരുത്തിയിരുന്നു. തറ വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ പുതുക്കിയ കെട്ടിടനികുതിയാണ് 2014-15 ല്‍ ഉടമകള്‍ പഞ്ചായത്തുകളില്‍ അടച്ചിരുന്നത്. 2013-14 ല്‍ അടച്ച നികുതിയുടെ ബാക്കി തുകയും ഇതോടൊപ്പം അടയ്ക്കുകയുണ്ടായി. ഉത്തരവ് പ്രകാരം 2000 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ളതും വിസ്തീര്‍ണം വര്‍ധിപ്പിച്ചിട്ടില്ലാത്തതുമായ വീടുകള്‍ക്ക് പുതുക്കിയ ചട്ടപ്രകാരമുള്ള നികുതി ബാധകമാക്കേണ്ടതില്ളെന്നും അവരില്‍ നിന്നും 2013 ഏപ്രില്‍ ഒന്നിന് മുമ്പ് നിലവിലുണ്ടായിരുന്ന നികുതിതന്നെ ഈടാക്കിയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. 2000 സ്ക്വയര്‍ ഫീറ്റില്‍ അധികരിക്കുന്ന കെട്ടിടങ്ങള്‍ക്ക് 2013 ഏപ്രില്‍ ഒന്ന് മുതല്‍ വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിക്കുമ്പോള്‍ അപ്രകാരമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന ഉണ്ടാകുന്നുവെങ്കില്‍ ആയത് നിലവിലെ നികുതിയുടെ 25 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കിയിരുന്നു. തറ വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ വാണിജ്യ, വ്യവസായ കെട്ടിടങ്ങള്‍ക്ക് നികുതി നിശ്ചയിക്കുമ്പോള്‍ വാര്‍ഷിക കെട്ടിട നികുതിയില്‍ വര്‍ധന ഉണ്ടാകുന്നെങ്കില്‍ അപ്രകാരമുള്ള വര്‍ധന 100 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. 660 സ്ക്വയര്‍ഫീറ്റ് വരെയുള്ള എല്ലാ വാസഗൃഹകെട്ടിടങ്ങളെയും നികുതിയില്‍നിന്ന് 2015-16 വര്‍ഷം മുതല്‍ ഒഴിവാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ഇപ്പോഴും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുകയും അതനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) സോഫ്റ്റ്വെയറില്‍ ആവശ്യമായ ഭേദഗതി വരുത്തുകയും ചെയ്താല്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി പുനര്‍നിര്‍ണയം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സോഫ്റ്റ് വെയര്‍ മാറ്റത്തിന് അടിയന്തര നടപടി സ്വീകരിച്ച് ഉത്തരവില്‍ പറയപ്പെടുന്ന ഇളവുകള്‍ കെട്ടിട ഉടമകള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കുണ്ടറ മണ്ഡലം അസി. സെക്രട്ടറി മുളവന രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.