സതീശന്‍ കമീഷനോട് നേതാക്കള്‍; ‘നയിക്കാന്‍ പുതിയ നേതൃത്വം വേണം’

കൊല്ലം: ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതൃത്വം വേണമെന്ന് ഗ്രൂപ് മറന്ന് ആവശ്യം. ഒരാള്‍ മാത്രമല്ല, നേതൃത്വം അപ്പാടെ മാറി പുതിയ മുഖം ലഭിച്ചാലേ പാര്‍ട്ടിക്ക് രക്ഷയുള്ളൂവെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാന്‍ എത്തിയ വി.ഡി. സതീശന്‍ കമീഷന്‍ മുമ്പാകെ ആവശ്യം ഉയര്‍ന്നു. രാവിലെ ആരംഭിച്ച തെളിവെടുപ്പ് രാത്രിയിലും തുടരുകയാണ്. ഡി.സി.സി പ്രസിഡന്‍റിനും ജില്ലയില്‍നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിക്കും എതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കള്‍ തുടങ്ങി 500ഓളം പേര്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍െറ മുന്നില്‍ പരാതിയുമായി എത്തി. ചിലയിടങ്ങളില്‍നിന്ന് പേമെന്‍റ് സീറ്റ് സംബന്ധിച്ചും പരാതി വന്നു. കനത്ത പരാജയം ഏറ്റുവാങ്ങിയ കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് കൂട്ടമായാണ് പരാതി എത്തിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് എതിരെയായിരുന്നു പരാതികളില്‍ ഭൂരിഭാഗവും. കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതും ബീഫ് വിഷയത്തില്‍ മുസ്ലിം ജനതയുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയാതെ പോയതും പരാജയത്തിന്‍െറ പ്രധാന കാരണങ്ങളാണെന്ന് രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ ഡി.സി.സി പ്രസഡിന്‍റ് വി. സത്യശീലന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി വോട്ടും ചിലയിടങ്ങളില്‍ നായര്‍ വോട്ടും നഷ്ടപ്പെട്ടു. കണ്‍സ്യൂമര്‍ഫെഡില്‍ നിത്യോപയോഗസാധനങ്ങള്‍ ഇല്ലാത്തതും ജനങ്ങള്‍ എതിരാകാന്‍ കാരണമായി. എന്നാല്‍, കൊല്ലം കോര്‍പറേഷനിലെ ഇലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ഥികളെയല്ല ഡി.സി.സി പ്രഖ്യാപിച്ചതെന്ന് മുന്‍ ഡി.സി.സി പ്രസഡിന്‍റ് കടവൂര്‍ ശിവദാസന്‍ പറഞ്ഞു. ചേരിതിരിഞ്ഞുപരാതി ഉന്നയിച്ച് തുടങ്ങിയതോടെ നേതൃയോഗം അവസാനിപ്പിക്കുകയായിരുന്നു. രേഖാമൂലമുള്ള പരാതികളാണ് ആദ്യം സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കൂട്ട ഒപ്പിട്ട പരാതിയാണ് നല്‍കിയത്. ഡി.സി.സിക്കും യു.ഡി.എഫിനും എതിരെ പരാതി വന്നു. കോര്‍പറേഷനില്‍ യു.ഡി.എഫിന് പ്രകടന പത്രിക പുറത്തിറക്കാന്‍ കഴിയാത്തതാണ് പ്രധാനമായി ഉന്നയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി ഇല്ലാതിരുന്നിട്ടും 40ശതമാനത്തോളം സീറ്റുകള്‍ നേടിയിരുന്നുവെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആര്‍.എസ്.പി വന്ന സാഹചര്യത്തില്‍ സീറ്റില്‍ വര്‍ധന വേണ്ടതായിരുന്നു. നേതൃത്വത്തിന്‍െറ പക്വതയില്ലാത്ത സമീപനം ഘടകകക്ഷികളെ പിണക്കി. കുടംപിടിത്തവും മറ്റൊരു കാരണമായി. സാമുദായിക ധ്രുവീകരണം മുന്‍കൂട്ടി കണ്ട് അടവുനയം ആസൂത്രണം ചെയ്യുന്നതിലും പരാജയപ്പെട്ടു. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് ഭരണം വേണ്ടെന്ന രീതിയിലെസമീപനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രകടിപ്പിച്ചത്. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല-പരാതികള്‍ നീണ്ടു. കെ.പി.സി.സി ഭാരവാഹികളായ എ. ഷാനാവാസ് ഖാന്‍, എം.എം. നസീര്‍, ജി. രതികുമാര്‍, കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളായ എന്‍. അഴകേശന്‍, പി. രാമഭദ്രന്‍, ഇ. മേരിദാസന്‍, നേതാക്കളായ ചിതറ മധു, സൂരജ് രവി, പി. ജര്‍മിയാസ്, ഇ. യൂസുഫ്കുഞ്ഞ് തുടങ്ങിയവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.