മാലയില്‍ മല്‍പത്തൂരിലെ ഭൂമി തിരിച്ചുപിടിക്കണം

കൊല്ലം: കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി മാലയില്‍ മല്‍പത്തൂരില്‍ കൈമാറ്റം ചെയ്തത് കലക്ടര്‍ ഇടപെട്ട് സര്‍ക്കാറിലേക്ക് തിരിച്ച് പിടിക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ എക്സിക്യൂട്ടിവ് യോഗം. ഭൂപരിഷ്കരണനിയമത്തിന്‍െറ പരിധിയില്‍ നിന്നൊഴിവായി തോട്ടഭൂമികള്‍ പൂര്‍ണമായോ ഭാഗികമായോ തുണ്ടുവത്കരിക്കുന്നതോ തരം മാറ്റുന്നതോ തടഞ്ഞ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമി തിരിച്ചുപിടിച്ച് മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ കലക്ടര്‍ക്ക് അവകാശമുണ്ടെന്ന് 2015 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാണ്. മാലയില്‍ മല്‍പത്തൂര്‍ മിച്ചഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും അതുവരെ എസ്.എന്‍ ഗ്രാനൈറ്റില്‍ നടക്കുന്ന ലക്ഷങ്ങളുടെ പൊതുമുതല്‍ കൊള്ളയടി തടഞ്ഞുകൊണ്ട് ഉത്തരവുണ്ടാകണമെന്നും കലക്ടറോടും ആര്‍.ഡി.ഒയോടും ജില്ലാ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡന്‍റ് അഡ്വ. വി.കെ. സന്തോഷ്കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പരിസ്ഥിതി ഏകോപനസമിതി ചെയര്‍മാന്‍ ടി.കെ. വിനോദന്‍, കണ്‍വീനര്‍ എ.എ. കബീര്‍, പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. ബാബുജി, കരുണാകരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.