കൊല്ലം: കോര്‍പറേഷന്‍ നഗര മാലിന്യ സംസ്കരണത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ പാളിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പദ്ധതിയുടെ പേരില്‍ ചെലവഴിച്ച രണ്ടു കോടിയോളം രൂപ പാഴായതായും നിയമസഭയില്‍ സമര്‍പ്പിച്ച സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍െറ സമാഹൃത റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിന് ഏറ്റവും വലിയ തലവേദനയായിരുന്ന മാലിന്യ സംസ്കരണത്തിന് കോര്‍പറേഷന്‍കൊണ്ട് വന്ന പദ്ധതികളാണ് ഓഡിറ്റ് വിഭാഗത്തിന്‍െറ വിമര്‍ശത്തിനിരയായത്. കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്തില്ളെന്ന് തെളിയിക്കുന്ന കണക്കുകളും വിവരങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഏറെ വിവാദമായ കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റുള്‍പ്പെടെ വിവധ ഇടങ്ങളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് എന്നിവ നടപ്പാക്കാന്‍ ചെലവാക്കിയത് കോടികളാണ്. സ്ഥലം തെരഞ്ഞെടുത്തതിലെ അശാസ്ത്രീയത മൂലം ജനകീയ പ്രതിഷേധം നേരിടേണ്ടി വന്ന കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് 1.54 കോടി രൂപയാണ് ചെലവഴിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനും ആറാട്ട് കുളം തേവര്‍കാട്ട് വിഷ്ണു ക്ഷേത്രത്തിനും പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ഹൈകോടതി പദ്ധതി താല്‍ക്കാലികമായി തടയുകയായിരുന്നു. കോടികള്‍ ചെലവഴിച്ച ഈ പദ്ധതിയെ ഇപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും കോര്‍പറേഷന്‍ തയാറാകുന്നില്ല. ഏറെ കൊട്ടിഗ്ഘോഷിച്ച് 2010ല്‍ നിര്‍മാണം ആരംഭിച്ച പ്ളാന്‍റില്‍ ഇതുവരെ ഒരു ലോഡ് മാലിന്യം എത്തിക്കാന്‍ പോലുമായിട്ടില്ല. കൃത്യമായ പ്ളാനിങ്ങില്ലാത്തതാണ് പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായി പറയുന്നത്. മൂന്നാംകുറ്റി, തേവളളി, ഇരവിപുരം എന്നിവിടങ്ങളില്‍ 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ബയോഗ്യാസ് പ്ളാന്‍റും ഉപയോഗ ശൂന്യമാണെന്നാണ് കണ്ടത്തെല്‍. 7,88,403 രൂപ ചെലവഴിച്ച് പോളയത്തോട് മാര്‍ക്കറ്റില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായി. മിക്ക പ്ളാന്‍റുകളും സ്ഥാപിച്ച് മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.