ഭൂമിയിലും ആകാശത്തും പ്രതിഷേധം

കൊല്ലം: ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുന്‍കരുതലെന്നനിലയില്‍ 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങ് തീരുംവരെ കരുതല്‍ തടങ്കലിലാക്കി. ചിന്നക്കടയിലെ ആര്‍. ശങ്കര്‍ പ്രതിമ കേന്ദ്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസും ആര്‍.വൈ.എഫും പ്രതിഷേധയോഗം നടത്തിയത്. മഹിളാ കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ എസ്.എന്‍ കോളജ് വളപ്പിലേക്ക് വായമൂടിക്കെട്ടി നടത്തിയ പ്രകടനം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. രാവിലെ ഏഴോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ചിന്നക്കടയിലത്തെിയത്. ഇവിടെ ശങ്കര്‍ പ്രതിമക്ക് മുന്നില്‍ ഉപവാസം തുടങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉപവാസം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കസ്റ്റഡിയിലെടുത്തവരെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ വീണ്ടും പ്രതിഷേധം തുടങ്ങി. ബിനോയ് ഷാനൂര്‍, വിഷ്ണു സുനില്‍ പന്തളം, ആര്‍.എസ്. അബിന്‍, എസ്. ഷാബു, ഷമീര്‍, മംഗലത്ത് വിനു, വിഷ്ണു വിജയന്‍, സവാദ്, അജു, സച്ചു പ്രതാപ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വെസ്റ്റില്‍ സമരം തുടര്‍ന്ന ഇവരെ ഉച്ചക്ക് 12 ഓടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ ചടങ്ങ് കഴിഞ്ഞതിന് ശേഷമാണ് വിട്ടയച്ചത്. ആര്‍.വൈ.എഫിന്‍െറ നേതൃത്വത്തില്‍ ശങ്കര്‍ പ്രതിമക്ക് മുന്നില്‍ മതേതര ജ്വാല നടത്തി. സംസ്ഥാന സെക്രട്ടറി സി.പി. സുധീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പുലത്തറ നൗഷാദ് അധ്യക്ഷതവഹിച്ചു. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍ സമാധാനമായി പിരിഞ്ഞുപോയി. സംസ്ഥാന പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, ജില്ലാ പ്രസിഡന്‍റ് കൃഷ്ണവേണി ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി നടത്തിയ പ്രകടനം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തായി വനിതാ പൊലീസിന്‍െറ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം നടത്തി പിരിയുകയായിരുന്നു. പ്രധാനമന്ത്രി വരുന്ന സമയത്തും പ്രതിഷേധങ്ങളുണ്ടാകുമെന്ന കരുതലില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.