കൊല്ലം ബൈപാസിന് ശാപമോക്ഷം; നിര്‍മാണം ദ്രുതഗതിയില്‍

അഞ്ചാലുംമൂട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ കൊല്ലം ബൈപാസ് നീണ്ട കാത്തിരിപ്പിന് വിരാമമെന്നോണം നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു. അരനൂറ്റാണ്ടായി വസ്തുക്കള്‍ വിട്ടുനല്‍കി കാത്തിരിക്കുന്നവര്‍ നിരവധി. മേവറം മുതല്‍ കല്ലുംതാഴം വരെ പണി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമായെങ്കിലും കല്ലുംതാഴം മുതല്‍ കടവൂര്‍ - കാവനാട് വരെയുള്ള ഭാഗം കാടുകയറി മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി. നാട്ടുകാര്‍ക്ക് അഭിമാനിക്കും വിധം ബൈപാസിന്‍െറ നിര്‍മാണം പുരോഗമിക്കുന്നു. രണ്ടരവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്‍െറ ഭാഗമായി പാലത്തിന്‍െറ നിര്‍മാണം ആരംഭിച്ചു. അഷ്ടമുടിക്കായലിന് കുറുകെ 876 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ മങ്ങാട് കായല്‍വാരം മുതല്‍ തൃക്കടവൂര്‍വരെയുള്ള കോട്ടയ്ക്കകം പാലമാണ് ജില്ലയിലെ ഏറ്റവും വലിയ പാലം. പാലത്തിന്‍െറ പൈലിങ് ജോലി അവസാന ഘട്ടത്തിലാണ്. ഇതരസംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിന് പേരാണ് രാവും പകലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതേസമയം തൃക്കടവൂര്‍ കുരീപ്പുഴയില്‍നിന്ന് കാവനാട് ആല്‍ത്തറമൂടിന് സമീപം കണിയാംകടവ് വരെയുള്ള അരവിള പാലത്തിന്‍െറയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 575 മീറ്ററാണ് അരവിള പാലത്തിന്‍െറ നീളം. ഇതിനുപുറമെ, കടവൂരില്‍ നൂറുമീറ്റര്‍ നീളത്തില്‍ മറ്റൊരു പാലം കൂടി ഉണ്ടാകും. ഒന്നര വര്‍ഷമാണ് പാലങ്ങളുടെ നിര്‍മാണത്തിന് കരാര്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡിന്‍െറ നിര്‍മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. വെള്ളക്കെട്ട് പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ പാതയാണ് 277 കോടിക്ക് പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 12 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.