സ്നേഹപൂര്‍വം കൊല്ലം പരിപാടിയിലേക്ക് സംഭാവനകള്‍ എത്തിത്തുടങ്ങി

കൊല്ലം: ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച സ്നേഹപൂര്‍വം കൊല്ലം പരിപാടിയിലേക്ക് സംഭാവനകളായി അവശ്യസാധനങ്ങള്‍ എത്തിത്തുടങ്ങി. ആദ്യദിനം തന്നെ പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണുണ്ടായതെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. വെള്ളിയാഴ്ച ചെന്നൈയിലേക്ക് ആദ്യവാഹനം പുറപ്പെടും. പൊതുജനങ്ങളില്‍ നിന്നും താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും പുതുവസ്ത്രങ്ങളും കുപ്പിവെള്ളവുമാണ് ലഭിച്ചത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ സംഭാവനയായി ഒരുലക്ഷം രൂപയും ലഭിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി പണം സ്വീകരിക്കില്ളെന്നും ഭക്ഷണം, പുതുവസ്ത്രം തുടങ്ങിയ അവശ്യവസ്തുക്കള്‍ നല്‍കി സഹകരിക്കാമെന്നും കലക്ടര്‍ അറിയിച്ചു. ജീവനക്കാരില്‍ നിന്നുമാത്രമാണ് സഹായം പണമായി സ്വീകരിക്കുന്നത്. ലഭിച്ച തുകക്ക് അവശ്യവസ്തുക്കള്‍ വാങ്ങി പാക്ക് ചെയ്ത് അയക്കും. റസിഡന്‍റ്സ് അസോസിയേഷനുകള്‍, വ്യക്തികള്‍, വ്യാപാരസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ക്കും അവശ്യസാധാനങ്ങള്‍ സംഭാവന ചെയ്ത് സ്നേഹപൂര്‍വം കൊല്ലത്തില്‍ അണിചേരാമെന്ന് കലക്ടര്‍ അറിയിച്ചു. നല്‍കുന്ന വസ്ത്രങ്ങള്‍ പുതിയതാവണം. പുതപ്പുകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കുള്ള നൈറ്റികള്‍, പുരുഷന്മാര്‍ക്കുള്ള ഷര്‍ട്ട്, ലുങ്കി തുടങ്ങിയവയാണ് ആദ്യദിനം ശേഖരണ കേന്ദ്രങ്ങളില്‍ ലഭിച്ചത്. സ്നേഹപൂര്‍വം കൊല്ലത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ അതത് താലൂക്ക് ഓഫിസുകളില്‍ സാധനങ്ങള്‍ എത്തിച്ചാല്‍ മതിയാവും. കലക്ടറുടെ ഫേസ്ബുക് പേജിലും സ്നേഹപൂര്‍വം കൊല്ലം പദ്ധതിക്ക് ആദ്യദിനത്തില്‍ തന്നെ നല്ല പ്രതികരണം ലഭിച്ചു. പരിപാടിയില്‍ സ്വീകരിക്കുന്ന സംഭാവനകളുടെയും ചെന്നൈയിലേക്ക് അയക്കുന്ന സാധനങ്ങളുടെയും വ്യക്തമായ കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.