വെള്ളാപ്പള്ളി നടത്തുന്നത് അവാസ്തവ പ്രചാരണമെന്ന്

കൊല്ലം: ശ്രീനാരായണ കോളജിന് സ്വയംഭരണാവകാശം കിട്ടാതെ പോയത് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ സ്വയംഭരണവിരുദ്ധ സമരം മൂലമാണെന്ന വെള്ളാപ്പള്ളി നടേശന്‍െറ പ്രസ്താവന വസ്തുതാവിരുദ്ധുമാണെന്ന് എസ്.എന്‍. കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷന്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. സ്വയംഭരണാവകാശത്തിന് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത കാലാകാലങ്ങളില്‍ നാഷണല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) നടത്തുന്ന പരിശോധനയിലൂടെ കോളജിന് ലഭിക്കുന്ന എ സര്‍ട്ടിഫിക്കറ്റാണ്. 2002 ലാണ് കൊല്ലം എസ്.എന്‍ കോളജില്‍ ആദ്യമായും അവസാനമായും നാക് അക്രഡിറ്റേഷന്‍ നടന്നത്. അന്ന് ലഭിച്ചത് ബി പ്ളസ് ഗ്രേഡ് മാത്രമാണ്. അതിനുശേഷം ഇതുവരെ എസ്.എന്‍ കോളജില്‍ നാക് പരിശോധന നടന്നിട്ടില്ല. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അക്രഡിറ്റേഷന്‍ അപേക്ഷ കൊടുക്കണമെന്നാണ് വ്യവസ്ഥ. കോളജിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാനേജര്‍ വെള്ളാപ്പള്ളി തയാറായില്ല. സ്വന്തം വീഴ്ച മറച്ചുപിടിക്കുന്നതിനുവേണ്ടിയാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തസ്സായി നടത്താന്‍ പ്രാപ്തിയില്ലാത്ത വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനവും മാനേജര്‍ സ്ഥാനവും ഒഴിഞ്ഞ് ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.