കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസിനും മുഖപത്രം 'വീക്ഷണ'ത്തിനുമെതിരെ രൂക്ഷവിമർശനം. കെ.എം. മാണിക്കെതിരായ 'വീക്ഷണം' മുഖപ്രസംഗത്തിലൂടെ പുറത്തുവന്നത് എഴുതിയവെൻറയും എഴുതിച്ചവെൻറയും സംസ്കാരമാണ്. രാഷ്ട്രീയ എതിരാളികൾപോലും പറയാത്ത കാര്യങ്ങളാണ് അതിലുള്ളത്. മൂന്നുപതിറ്റാണ്ടോളം ഒപ്പംനിന്ന മാണിയെ മനഃപൂർവം അപമാനിക്കുകയായിരുന്നു. അതേസമയം, മുന്നണി പ്രവേശനം യോഗത്തിൽ കാര്യമായ ചർച്ചയായില്ല. മുഖപ്രസംഗം തള്ളിയ കോൺഗ്രസ് നേതാക്കളുടെ നിലപാടിന് ആത്മാർഥതയില്ല. ഇതിന് ചൂക്കാൻ പിടിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിൽനിന്ന് ഇത് വ്യക്തമാണ്. കോൺഗ്രസ് നേതൃത്വത്തിെൻറ അറിവോടെയാണ് ലേഖനം വന്നത്. ചില നേതാക്കൾ കേരള കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഒരുഗ്രൂപ്പാണ് ഇതിനു പിന്നിൽ. കോൺഗ്രസിനൊപ്പം ഇനി ഒത്തുപോകരുതെന്ന് മാണിയെ അനുകൂലിക്കുന്ന നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി മുഖപത്രമായ പ്രതിച്ഛായയുടെ മുഖപ്രസംഗത്തെ നേതാക്കൾ ന്യായീകരിച്ചു. മാണിക്ക് എൽ.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇതിലാണ് സ്ഥിരീകരിച്ചത്. യോഗശേഷം മാധ്യമങ്ങളെ കണ്ട മാണി, മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയായില്ലെന്നും ഒറ്റക്ക് നിൽക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. മുന്നണി പ്രവേശനം യുക്തമായ സമയത്തുണ്ടാകും. ഇപ്പോൾ ഒറ്റക്ക് ശക്തി തെളിയിക്കാനാണ് തീരുമാനം. കാര്‍ഷിക വിഷയങ്ങളില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഉന്നതാധികാര സമിതി യോഗം ചേർന്നെങ്കിലും കാര്യമായ തീരുമാനമൊന്നുമുണ്ടായില്ല. സംഘടന തെരെഞ്ഞടുപ്പിനുശേഷം മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമെന്ന മാണിയുെട നിർദേശം യോഗം അംഗീകരിച്ചു. വിശദമായ ചർച്ചക്കുശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനൽകി. പി.ജെ. ജോസഫ് അടക്കമുള്ളവർ ഇത് അംഗീകരിച്ചതോടെ തുടർചർച്ചയുണ്ടായില്ല. അതേസമയം, ഇടതുമുന്നണി പ്രേവശനമെന്ന നിലപാടിൽതന്നെയാണ് മാണിയെന്നാണ് സൂചന. യോഗത്തിൽ വീക്ഷണത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനം ഉയർന്നിട്ടും മാണി വിലക്കാതിരുന്നതും അദ്ദേഹത്തിനൊപ്പമുള്ളവർ കോൺഗ്രസുമായി ബന്ധം പാടില്ലെന്ന ആവശ്യം ഉയർത്തിയതും ഇതിെൻറ ഭാഗമായാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.