പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണം -ലോക് താന്ത്രിക് ജനതാദൾ

ആലപ്പുഴ: കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്. ഗൾഫ് നാടുകളിൽ തദ്ദേശീയർക്കു ലഭിക്കുന്ന ചികിത്സ മുൻഗണന പ്രവാസികൾക്ക് ലഭിക്കുന്നില്ല. ഇതുമൂലം ലേബർ ക്യാമ്പുകളിലും, മുറികളിലും രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ചു താമസിക്കാൻ നിർബന്ധിതരാകുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിസ കാലാവധി അവസാനിച്ചവരെയും വിസിറ്റിങ് വിസയിൽ പോയി കുടുങ്ങിവരെയും മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെയും എത്രയും വേഗം നാട്ടിലെത്തിക്കണം. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തി കുടുങ്ങിക്കിടക്കുന്നവരെയടക്കം തിരികെ നാട്ടിലെത്തിക്കാൻ അതത് രാജ്യങ്ങൾ പ്രത്യേകം വിമാന സർവിസുകൾ ആരംഭിച്ചിട്ടുള്ളത് ഇന്ത്യക്കും മാതൃകയാക്കാവുന്നതാണ്. തിരിച്ചു കൊണ്ടുവരുന്ന പ്രവാസിമലയാളികൾക്ക് ചികിത്സയടക്കം എല്ലാവിധ സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടും അത് മുഖവിലക്കെടുക്കാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പ്രവാസി സമൂഹത്തോട് കാരുണ്യപരമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഷെയ്ഖ് പി. ഹാരിസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർണക്കടലാസിൽ വിസ്മയങ്ങൾ തീർത്ത് ആരോമൽ മാന്നാർ: കുരട്ടിക്കാട് തിരുവോണം വീട്ടിൽ ആസാം റൈഫിൾസിൽ ഹവിൽദാർ അജിത് കുമാറിൻെറയും ആശാവർക്കറായ അമ്പിളിയുടെയും മകനായ ആരോമൽ എന്ന കൊച്ചു മിടുക്കൻ വർണ്ണക്കടലാസിൽ സൃഷ്ടിക്കുന്നത് വർണ വിസ്മയങ്ങൾ. ലോക്ഡൗൺ ദിനങ്ങളിലെ വിരസത ഒഴിവാക്കാനായി ഈ കൊച്ചു മിടുക്കൻ തെരഞ്ഞെടുത്ത മാർഗമാണ് വർണക്കടലാസുകൾ കൊണ്ട് കലാരൂപങ്ങൾ സൃഷ്ടിക്കുകയെന്നത്. അടച്ചിട്ട മുറിയിൽ യൂട്യൂബിൻെറ സഹായത്തോടെയാണ് കലാസൃഷ്ഷ്ടികൾ പിറന്നത്. പഠനത്തിലും മികവുകാട്ടുന്ന ആരോമൽ കീ ബോർഡ്, കളരി, ഫുട്ബാൾ എന്നിവയും പരിശീലിക്കുന്നുണ്ട്. മാവേലിക്കര വിദ്യാധിരാജാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആരോമൽ. നാസിക്കിൽ നടന്ന 65ാമത് നാഷനൽ സ്കൂൾ ഗെയിംസിൽ വടംവലി മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ വിദ്യാഭാരതി യൂനിറ്റിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടുണ്ട്. ആരോമലിൻെറ സഹോദരി ആർച്ച കോട്ടയം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ പ്രളയ കാലത്ത് മാന്നാർ നായർ സമാജം സ്കൂളിൽ സജ്ജമായിരുന്ന മെഡിക്കൽ ടീമിനോടൊപ്പം ആർച്ചയും പ്രവർത്തിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെട്ട് മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന കുരുന്നുകൾക്ക് നിർമിതികളെല്ലാം നൽകാനാണ് ആരോമലിൻെറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.