അമ്മയുടെ സുഹൃത്ത് നാല് വയസ്സുകാരനെ പീഡിപ്പിച്ച കേസ്: രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും

തൊടുപുഴ: അമ്മയുടെ സുഹൃത്ത് നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ തിങ്കളാഴ്ച തൊടുപുഴ പോക്‌സോ കോടതിയിൽ തുടങ്ങും. ഒന്നാംഘട്ട വിചാരണയില്‍ പീഡനത്തിന് ഇരയായ കുട്ടി ഉൾപ്പെടെ 15 സാക്ഷികള്‍ പ്രത്യേക ജഡ്ജി കെ. അനില്‍കുമാര്‍ മുമ്പാകെ മൊഴി നല്‍കി. പ്രതി അരുണ്‍ ആനന്ദിനെ വിചാരണക്കായി തിരുവനന്തപുരം സെൻട്രൽ ജയിലില്‍ നിന്ന് തൊടുപുഴ ജില്ല ജയിലിലേക്ക് മാറ്റി. കുട്ടിയെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. സുബിന്‍ ബി. ജോര്‍ജ്, ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരായ ഗിരീഷ് ഫ്രാന്‍സിസ്, ജാസ്മിന്‍ ഖാദര്‍, പ്രിയ ലക്ഷ്മി എന്നിവര്‍ മൊഴി നല്‍കി. കുട്ടിയുടെ അമ്മൂമ്മ, അമ്മ എന്നിവരുടെയും മൊഴികള്‍ കോടതി രേഖപ്പെടുത്തി. പോക്‌സോ കോടതി സ്‌പെഷൽ പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി. വാഹിദ ചീഫ് വിസ്താരം നടത്തി. കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയ തൊടുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അഭിലാഷ് ഡേവിഡ് ഇന്ന് മൊഴി നല്‍കും. മർദനമേറ്റ് ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസ് വിചാരണക്കായി പോക്‌സോ പ്രത്യേക കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ജനുവരി പത്തിന് പ്രതികളായ അരുണ്‍ ആനന്ദ്, കുട്ടിയുടെ അമ്മ എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനായി അരുണിനെതിരെ കോടതി വാറൻറ് പുറപ്പെടുവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.