വരുന്നു, കേരള ഡിസൈന്‍ ഫെസ്​റ്റിവല്‍

കൊച്ചി: ആഗോളാടിസ്ഥാനത്തില്‍ ഡിസൈന്‍ മേഖലയിലെ സര്‍ഗപ്രതിഭകളെ ആകര്‍ഷിക്കാൻ ടൂറിസം വകുപ്പുമായി ചേര്‍ന്ന് കേരള ഡിസൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കൊച്ചി ഡിസൈന്‍ വീക്കിൻെറ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡിസൈന്‍ മേളയായിരിക്കും കേരള ഡിസൈന്‍ ഫെസ്റ്റിവല്‍. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന സമാനമായ പരിപാടികളെ സംയോജിപ്പിച്ചായിരിക്കും ഫെസ്റ്റിവല്‍ നടത്തുക. പാര്‍പ്പിട പദ്ധതികളും സ്മാര്‍ട്ട് സിറ്റികളുമടക്കം സുസ്ഥിര അടിസ്ഥാന സൗകര്യമേഖലയില്‍ നൂതന ഡിസൈനുകള്‍, പുത്തന്‍ രൂപകല്‍പനകള്‍ക്കുള്ള സംരംഭകത്വത്തെയും നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കാൻ കേരള സ്റ്റാര്‍ട്ടപ് മിഷനടക്കമുള്ള ഏജന്‍സികളുടെ പങ്കാളിത്തം തുടങ്ങിയവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പല ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളില്‍ മലയാളികളായ പ്രതിഭകളുണ്ട്. ഈ പ്രത്യേകത കണക്കിലെടുത്താണ് സംസ്ഥാനത്ത് ഡിസൈനില്‍ വിപുലമായ സൗകര്യങ്ങളോടെ മികവിൻെറ കേന്ദ്രം സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ബ്ലോക്ചെയിന്‍, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വിജ്ഞാന സാമ്പത്തിക മേഖലകളെ ഉള്‍പ്പെടുത്തി രൂപകൽപനയില്‍ നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് ശേഷിയുണ്ട്. ഇതിനായാണ് വിവിധ ഏജന്‍സികളുടെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് തയാറെടുക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കേരള ഡിസൈന്‍ ചലഞ്ച് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.എഫ്.ഡി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനി കൃഷ്ണ സുനിലിന് 25,000 രൂപ മുഖ്യമന്ത്രി സമ്മാനിച്ചു. ടാഗ് ലൈന്‍ മത്സരത്തിലെ 10 വിജയികള്‍ക്ക് 10,000 രൂപ വീതം ഹൈബി ഈഡന്‍ എം.പി സമ്മാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കൊച്ചി ഡിസൈന്‍ വീക്കിൻെറ സ്പെഷല്‍ ഓഫിസറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍, സെറ സാനിറ്ററിവെയേഴ്സിൻെറ വില്‍പനവിഭാഗം വൈസ് പ്രസിഡൻറ് ആബി വി. റോഡ്രിഗസ്, അസെറ്റ് ഹോംസ് എം.ഡി വി. സുനില്‍കുമാര്‍ തുടങ്ങിയവരും സമാപനച്ചടങ്ങില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.