തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭ ഓഫിസുകളിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിലും പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതിലും വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് മിന്നൽപരിശോധനയിൽ കണ്ടെത്തി. 'ഓപറേഷൻ പിരാന' പേരിൽ രാവിലെ 11 മണിമുതലായിരുന്നു പരിശോധന. കെട്ടിട നിർമാണത്തിനും കെട്ടിട നമ്പരിനുമുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം അപേക്ഷകനെ തീരുമാനം അറിയിക്കണം എന്നതാണ് സേവനാവകാശ നിയമപ്രകാരമുള്ള ചട്ടം. എന്നാൽ, ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ കൈക്കൂലിക്കായി ഫയലുകൾ പരിശോധിക്കാതെയും യഥാസമയം സ്ഥല പരിശോധന നടത്താതെയും തീരുമാനം മനഃപൂർവം വൈകിപ്പിക്കുന്നതായും കണ്ടെത്തി. എറണാകുളം കളമശ്ശേരിയിലെ പരിശോധനയിൽ വിദ്യാഭ്യാസ ആവശ്യത്തിന് പെർമിറ്റെടുത്ത ശേഷം കൺവെഷൻ സൻെററായി ഉപയോഗിക്കുന്നതായും അതിന്മേൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും ഒരു വർഷമായിട്ടും തീരുമാനമാക്കാതെ 23 ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. കോട്ടയം പാലാ മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ കെട്ടിട പെർമിറ്റിനായും ഒക്കുപെൻസി സർട്ടിഫിക്കറ്റിനായുമുള്ള 60 അപേക്ഷകൾ വളരെ നാളുകളായി തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. വിശദമായ റിപ്പോർട്ട് മേൽ നടപടികൾക്കായി സർക്കാറിലേക്ക് അയക്കുമെന്ന് വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.