ഈ ഒന്ന്​ കൂടി ഇല്ലാതായാൽ പൊന്നാട്ടിൽ​ കൊപ്ര വ്യവസായം കളമൊഴിയും

മണ്ണഞ്ചേരി: പൊന്നാടിനെ 'പൊൻ' നാടാക്കിയ കൊപ്ര വ്യവസായം കളമൊഴിഞ്ഞു. അവശേഷിക്കുന്നത് ഇനി ഒന്ന് മാത്രം. തേങ്ങാവെട്ടും അനുബന്ധ ജോലികളും കൊണ്ട് നാടിനെ സമ്പന്നതയിലേക്ക് നയിച്ച പൊന്നാട്ടെ കൊപ്ര വ്യവസായമാണ് നാടുനീങ്ങിയത്. നാളികേര വിലയിലെ ഏറ്റക്കുറച്ചിലും തൊഴിലാളികളുടെ ക്ഷാമവും കൊപ്രയാക്കിയത് മാർക്കറ്റിൽ എത്തിക്കുമ്പോഴുണ്ടാക്കുന്ന വിലത്തകർച്ചയുമാണ് തേങ്ങാവെട്ട് വ്യവസായം ഇല്ലാതാകാൻ കാരണം. നികുതി നിയമങ്ങളും ഒരു പരിധിവരെ തൊഴിലിനെ പിന്നോട്ടടിക്കാൻ ഇടയാക്കിയെന്ന് മേഖലയിൽ പണിയെടുത്തിരുന്നവർ പറയുന്നു. പുതുതലമുറ ഈ തൊഴിലിലേക്ക് വരാത്തതും കൊപ്ര വ്യവസായത്തിൻെറ കളമൊഴിയലിന് കാരണമായി. ഒരു പതിറ്റാണ്ടിന് മുമ്പുവരെ അമ്പതിലേറെ കൊപ്ര കളങ്ങൾ പൊന്നാട്ട് പ്രവർത്തിച്ചിരുന്നു. 300ൽപരം പേർ തേങ്ങാവെട്ടിലും അനുബന്ധ പ്രവൃത്തികളിലും ജോലി നോക്കിയിരുന്നു. കേരളത്തിൽ തേങ്ങാക്ഷാമം നേരിട്ടപ്പോൾ തമിഴ്‌നാടിനെ ആശ്രയിച്ച് വ്യവസായം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ, ഇപ്പോൾ ഉള്ളത് ഒരെണ്ണം മാത്രം. നാടിൻെറ കുലത്തൊഴിലായി അറിയപ്പെട്ടിരുന്ന തേങ്ങാവെട്ട് അവസാനിപ്പിക്കാൻ പൊന്നാട് നെല്ലിക്കൽ പരേതനായ ഹൈദ്രോസ് മേത്തരുടെ മക്കളായ സിറാജും ഷമീറും തയാറല്ല. പൊന്നാട് പള്ളിയുടെ സമീപം ഇവരുടെ കൊപ്രാക്കളം മാത്രമാണ് പ്രവർത്തിക്കുന്നത്. വലിയുപ്പ കാണിച്ചുതന്ന തേങ്ങാവെട്ട് വ്യവസായം ഏത് പ്രതികൂല സാഹചര്യങ്ങൾ നേരിട്ടാണെങ്കിലും നിലനിർത്തണമെന്ന ആഗ്രഹമാണ് ഈ സഹോദരങ്ങൾക്കുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന നാളികേരം വേർതിരിച്ചശേഷം വെട്ടിയുണക്കി കൊപ്രയാക്കി അതിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് ഇവരുടെ കുടുംബത്തിൻെറ അത്താണി. വീട്ടാവശ്യത്തിനുള്ള നാളികേരവും ആവശ്യക്കാർക്ക് ഇവർ നൽകുന്നുണ്ട്. -ടി.എ.കെ. ആശാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.