അമ്പലപ്പുഴ: ഈ അച്ഛൻ 20 വയസ്സുള്ള മകനെ കൊണ്ടുനടക്കുന്നത് കൊച്ചുകുഞ്ഞിനെപ്പോലെയാണ്. മാനസികനില തെറ്റി പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന മകൻെറ വിരൽത്തുമ്പിൽനിന്ന് കൈവിടാതെ അമ്മയെപ്പോലെ ഊട്ടിയുറക്കാൻ അച്ഛൻ മാത്രമാണുള്ളത്. ഔറംഗബാദുകാരനായ ഹബീബാണ് അരുമമകൻ മുക്താറിനെയുംകൊണ്ട് കാക്കാഴം മേൽപാലത്തിന് സമീപം ടിൻഷീറ്റുകൾ കൂട്ടി അടുക്കിയ ഒറ്റമുറി കൂരക്കുള്ളിൽ വർഷങ്ങളായി കഴിയുന്നത്. ജനിച്ചുവളർന്നത് ഔറംഗബാദിലാണെങ്കിലും പോറ്റിവളർത്തുന്നത് അമ്പലപ്പുഴയിലെ കച്ചവടക്കാരും കുറച്ച് കാരുണ്യ പ്രവർത്തകരുമാണ്. ഹബീബിന് സ്വന്തം വയസ്സ് കൃത്യമായറിയില്ലെങ്കിലും വാർധക്യം കടന്നുകൂടിയെന്ന് കണ്ടാലറിയാം. മകൻ എങ്ങോട്ടുപോയാലും മിഴിതെറ്റാതെ ഹബീബും കൂട്ടിനുണ്ടാവും. മകൻ ഉറങ്ങിയെന്ന് ഉറപ്പായാലേ ഹബീബിനൊന്ന് തലചായ്ക്കാനാകു. രാവിലെ എഴുന്നേൽക്കുന്നതും കാത്ത് മകൻെറ അരികിൽ ഹബീബുണ്ടാകും. പ്രഭാതകൃത്യം കഴിഞ്ഞാൽ ഹബീബ് വേണം വൃത്തിയാക്കാൻ. കുളിക്കുന്നത് തേവരുനട ക്ഷേത്രക്കുളത്തിലാണ്. മകനെയും കുളിപ്പിച്ചതിനുശേഷം വസ്ത്രങ്ങൾ കഴുകും. പിന്നീട് ഇരുവരും കുറവൻതോട് ജങ്ഷൻ മുതൽ വളഞ്ഞവഴി വരെ കടകളിൽ കയറിയിറങ്ങും. സ്ഥിരമായി സഹായിക്കുന്ന കടകളിൽ മാത്രമാണ് കയറുന്നത്. ഇതിനിടെ ഹോട്ടലുകളിൽനിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കും. ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞുവാങ്ങി കൂരയിലെത്തും. മകന് ഉച്ചഭക്ഷണം വിളമ്പുംമുമ്പ് കാക്കകളുടെ വിശപ്പകറ്റും. ഇത് കഴിക്കാൻ ഉച്ചയോടെ കാക്കകൾ ഹബീബിൻെറ കൂരക്ക് ചുറ്റും കൂടും. ഞായറാഴ്ചകളിൽ ജീവകാരുണ്യ പ്രവർത്തകരുടെ വകയാണ് ഭക്ഷണം. ആഹാരം കളയുന്നത് ഹബീബിന് ഇഷ്ടമല്ല. കഴിച്ചതിനുശേഷം ആര് ഭക്ഷണം കൊണ്ടുവന്നാലും അവരെ വെറുപ്പിക്കാതെ സന്തോഷത്തോടെ മടക്കിവിടും. ഹിന്ദി മാത്രം അറിയാവുന്ന ഹബീബ് കുടുംബവിശേഷങ്ങൾ പങ്കുവെക്കാൻ തയാറല്ല. സ്വന്തമെന്ന് പറയാൻ മകൻ മാത്രമാണെന്നാണ് പറയുന്നത്. മാനസികനില തെറ്റിയ മകൻ വീടുവിട്ടിറങ്ങിയപ്പോൾ ഒപ്പം കൂടിയതാണ്. പല ട്രെയിനുകളും നാടുകളും കടന്ന് 10 വർഷം മുമ്പ് അമ്പലപ്പുഴയിൽ എത്തിയതാണ്. കുറച്ചുകാലം റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അതിനുശേഷമാണ് കാക്കാഴത്ത് എത്തുന്നത്. കടത്തിണ്ണകൾ മാറി മാറി കഴിച്ചുകൂട്ടി. കച്ചവടക്കാർ നൽകുന്ന പണം സ്വരൂപിച്ച് പിന്നീട് മേൽപാലത്തിന് സമീപം ഒരു കൂരകൂട്ടി. വസ്ത്രങ്ങൾക്കുള്ള വകയും കച്ചവടക്കാരിൽനിന്ന് കിട്ടാറുണ്ട്. മകനോടൊപ്പം പോകുമ്പോൾ അവൻെറ വസ്ത്രങ്ങൾ നിറച്ച സഞ്ചി എന്നും ഹബീബിൻെറ തോളിലുണ്ടാവും. ഹബീബിന് സ്വന്തമായി വീട് വേണ്ടേ എന്ന ചോദ്യത്തിന് ഇതാണെൻെറ വീട്, ഈ നാട്ടുകാരാണ് എൻെറ സ്വന്തക്കാർ എന്നായിരുന്നു മറുപടി. അജിത്ത് അമ്പലപ്പുഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.