ഉത്രാടച്ചന്തയിൽ പൊള്ളുംവില; രാത്രി വരെ നീണ്ട ജനത്തിരക്ക്

തൃപ്പൂണിത്തുറ: ഉത്രാട നാളിലെ ഓണച്ചന്തയിൽ പച്ചക്കറി സാധനങ്ങളുടെ പൊള്ളുന്ന വിലക്കയറ്റം സാധാരണക്കാരുടെ കീശ ചോർ ത്തി. വില വർധന പിടിച്ചുനിർത്താൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം സാധാരണക്കാർക്കും പാവങ്ങൾക്കും വേണ്ടത്ര ഗുണഫലങ്ങൾ കിട്ടിയില്ല. തൃപ്പൂണിത്തുറ നഗരത്തിലെ നൂറോളം വിൽപന കേന്ദ്രങ്ങളിലും കച്ചവടക്കാരുടെ വില നിരക്കുകൾ ഏകീകൃതമായിരുന്നില്ല. പലരും വിലനിരക്കുകൾ പോലും പ്രദർശിപ്പിക്കാതെയാണ് സാധനങ്ങൾ വിറ്റഴിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പച്ചക്കറികൾക്കെല്ലാം തോന്നിയ വിലയായിരുന്നു. സപ്ലൈകോയുടെ ഓണച്ചന്തയിൽ ഗുണനിലവാരം നോക്കാതെ ഏത്തക്കായ വില 49 രൂപയാണെങ്കിൽ പൊതുമാർക്കറ്റിൽ കിലോഗ്രാമിന് 60 മുതൽ 80 രൂപ വരെയാണ്. നാടൻ ഏത്തപ്പഴം 70 രൂപ വരെക്കാണ് പലരും വിറ്റത്. ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നതും ഗുണനിലവാരമുള്ളതുമായ ഇഞ്ചിയുടെ വില കിലോഗ്രാമിന് 300 വരെയെത്തി. മൂപ്പെത്താത്ത ഇഞ്ചിക്ക് 80 മുതൽ 100 രൂപ വരെയായിരുന്നു. സപ്ലൈകോ പച്ചക്കറി സാധനങ്ങളുടെ വില അൽപം കുറച്ചെങ്കിലും വൈകീട്ടായതോടെ വിറ്റഴിക്കാൻ കൂടുതലൊന്നും ഉണ്ടായില്ല. ഇതോടെ വഴിയോര കച്ചവടക്കാരുടെ കൊയ്ത്തായിരുന്നു. കളിമണ്ണിൽ തീർത്ത ഓണത്തപ്പൻ സെറ്റിന് 250 രൂപ വരെയായിരുന്നു. പൂവ് വിൽപനക്കാർക്ക് അവസാന ദിവസങ്ങളിൽ ലാഭക്കച്ചവടമായിരുന്നു. ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവക്ക് 40-50 രൂപയായിരുന്നു വില. തെങ്ങിൻ ചൊട്ടക്ക് 250-300 രൂപ വരെ. തെങ്ങുകയറ്റക്കാരെ കിട്ടാത്തതും കയറ്റക്കൂലി വർധനവുമാണ് കാരണം. കുരുത്തോല ഒരെണ്ണത്തിന് രണ്ട് രൂപയായിരുന്നു വില. ഓണം ഉണ്ണാനുള്ള തൂശനില ഒരെണ്ണത്തിന് ഏഴ് രൂപ വരെ. അത്തം മുതൽ ഉത്രാടം വരെ എല്ലാ ദിവസവും മഴ പെയ്തത് കച്ചവടക്കാർക്കെന്ന പോലെ വാങ്ങാനെത്തിയവരെയും വലച്ചു. (ചിത്രം: EC4 Uthrada kazhchakkula) ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പിച്ചു തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ രാവിലെ പന്തിരടി പൂജക്ക് ശേഷം ക്ഷേത്ര മേൽശാന്തി അച്യുതൻ നമ്പൂതിരി ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം നടത്തി. ദേവസ്വം ബോർഡ് അംഗം ശിവരാജൻ, അസി. കമീഷണർ പി.വി. മായ, മാനേജർ പി.എ. മിനി, അസി. മാനേജർ പി.യു. പ്രശാന്ത് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രകാശൻ, ശ്രീധരർ എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. തിരുവോണ ദിനമായ ബുധനാഴ്ച രാവിലെ 11ന് നട അടക്കും. 11.30ന് തിരുവോണ സദ്യയും പുത്തരി നിവേദ്യവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.