ദുരിതാശ്വാസത്തിന്​​ നൗഷാദി​െൻറ ചങ്ങാതിമാരും

ദുരിതാശ്വാസത്തിന് നൗഷാദിൻെറ ചങ്ങാതിമാരും കൊച്ചി: പ്രളയകാലത്ത് കടയിലെ തുണികളൊന്നാകെ ചാക്കുകളിൽ നിറച്ച് ദുരിതബാധിതർക്ക് നൽകിയ ബ്രോഡ്വേയിലെ തെരുവുകച്ചവടക്കാരൻ നൗഷാദിന് പിന്നാെല സഹപ്രവർത്തകരും ഒരുങ്ങുന്നു; നല്ല മാതൃക പിന്തുടരാൻ. തങ്ങളുടെ ഒരു ദിവസത്തെ വരുമാനം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച് മുന്നിട്ടിറങ്ങിയത് കേരള സ്ട്രീറ്റ് വെണ്ടേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയാണ്. ഇതിനവർക്ക് പ്രചോദനം ബലിപെരുന്നാൾ തലേന്നുള്ള നൗഷാദിൻെറ പുണ്യപ്രവൃത്തിയും. യൂനിയൻ ജില്ല കമ്മിറ്റി ചേർന്നാണ് തീരുമാനമെടുത്തത്. ഓണവിപണിയുടെ തിരക്കേറുന്ന സെപ്റ്റംബർ അഞ്ചിലെ വരുമാനമാണ് യൂനിയനു കീഴിലെ 2020ഓളം കച്ചവടക്കാർ ഇതിന് മാറ്റിവെക്കുക. ആ ദിവസം കച്ചവടത്തിൽനിന്ന് കിട്ടുന്ന ലാഭമെല്ലാം ചേർത്ത് ഏരിയ കമ്മിറ്റികൾ പിറ്റേദിവസം ജില്ല കമ്മിറ്റിയെ ഏൽപിക്കും. ജില്ല കമ്മിറ്റി തുക കലക്ടർക്കും കൈമാറുമെന്ന് ജില്ല സെക്രട്ടറിയും എറണാകുളം ഏരിയ സെക്രട്ടറിയുമായ മേനകയിലെ കച്ചവടക്കാരൻ കെ.എ. ഉസ്മാൻ പറഞ്ഞു. നൗഷാദ് ഇവരുടെ സംഘടനയിലെ അംഗമാണ്. കഴിഞ്ഞയാഴ്ച ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 3.5 ലക്ഷം രൂപയുടെ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ നിലമ്പൂരിലെ നൂറ്റിയമ്പതോളം വീടുകളിലേക്ക് എത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.