ബി.പി.സി.എൽ പദ്ധതിക്കായി 4300 മരം മുറിക്കാൻ അനുമതി

കൊച്ചി: ഭാരത് പെട്രോളിയം കോർപറേഷൻെറ (ബി.പി.സി.എൽ) പോളിയോൾ പദ്ധതിക്കായി 4300 മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് അധ്യക്ഷയായ ജില്ല സോഷ്യൽ ഫോറസ്ട്രി ട്രീ കമ്മിറ്റിയാണ് മരം മുറിക്ക് അനുമതി നൽകിയത്. മലിനീകരണം തടയാൻ എഫ്.എ.സി.ടിയുടെ അമ്പലമുകൾ തടാകത്തിനടുത്ത് ഗ്രീൻ ബെൽറ്റായി വെച്ചുപിടിപ്പിച്ച വനമേഖലയുടെ 160 ഏക്കർ സ്ഥലത്തെ മരം മുറിക്കുന്നത് പരിസ്ഥിതിക്ക് കടുത്ത ഭീഷണിയാകുമെന്നാണ് ആക്ഷേപം. 14,000ത്തിലധികം മരം മുറിക്കാൻ വനംവകുപ്പിന് അപേക്ഷ നൽകിയ ബി.പി.സി.എൽ സമ്മർദങ്ങൾക്ക് ഒടുവിലാണത്രെ എണ്ണം കുറക്കാൻ സമ്മതിച്ചത്. ബി.പി.സി.എല്ലിൻെറ അപേക്ഷ വനം വകുപ്പിലെത്തിയപ്പോൾ ജില്ല ട്രീ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. സി.എം. ജോയിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. പാരിസ്ഥിതികാഘാതം പഠിക്കണമെന്നും പകരം മരം വെച്ചുപിടിപ്പിക്കാൻ തയാറാക്കിയ കർമപദ്ധതി സമർപ്പിക്കാൻ ബി.പി.സി.എല്ലിനോട് നിർദേശിക്കണമെന്നുമായിരുന്നു സംഘത്തിൻെറ ശിപാർശ. എന്നാൽ, കൃത്യമായ പദ്ധതികളില്ലാതെ പകരം വെച്ചുപിടിപ്പിക്കാൻ ബി.പി.സി.എല്ലിനോട് പണം വാങ്ങി മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയതെന്ന് ഡോ. ജോയി പറയുന്നു. ഒമ്പത് വർഷമായി ജില്ല ട്രീ കമ്മിറ്റിയിലുള്ള തന്നെ ബോധപൂർവം ഒഴിവാക്കി മറ്റൊരാളെ പങ്കെടുപ്പിച്ച് യോഗം നടത്തി അനുമതി നൽകിയത് ദുരൂഹമാണ്. ഇതിൽ പ്രതിഷേധിച്ച് കമ്മിറ്റിയിൽനിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. പകരം പത്തിരട്ടി നടും -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചി: മുറിച്ചുമാറ്റുന്ന 4300 മരങ്ങൾക്ക് പകരം പത്തിരട്ടി എണ്ണം നടാനും മൂന്നു വർഷത്തെ പരിപാലനത്തിനുമുള്ള പണം വനംവകുപ്പിൽ മുൻകൂർ അടക്കണമെന്ന വ്യവസ്ഥയോടെയാണ് ബി.പി.സി.എല്ലിന് മരം മുറിക്ക് അനുമതി നൽകിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്. ഇതിന് വനം വകുപ്പും ബി.പി.സി.എല്ലും തമ്മിൽ കരാർ ഉണ്ടാക്കും. വനം വകുപ്പ് ആവശ്യപ്പെടുന്ന പണം മുൻകൂറായി അടച്ചാലേ മരം മുറിക്കാൻ അനുവദിക്കൂ. ഘട്ടംഘട്ടമായി മാത്രമേ മുറിക്കൂ. ബി.പി.സി.എൽ പരിസരത്ത് തന്നെയാകും പകരം നടുക. ജില്ല ട്രീ കമ്മിറ്റി യോഗം വിളിച്ചത് വനം വകുപ്പാണ്. എന്തുകൊണ്ടാണ് സി.എം. ജോയിയെ ക്ഷണിക്കാതിരുന്നതെന്ന് അറിയില്ലെന്നും അവർ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.