കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഡി.ജി.പി നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് മേധാവി ഇതുസംബന്ധിച്ച നിർദേശം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിൽ ഡി.ജി.പിയെ കക്ഷിചേർത്താണ് ഉത്തരവ്. ഫ്ലക്സ് ബോർഡുകൾ മാറ്റാൻ നടപടിയെടുത്ത കോട്ടയം നഗരസഭാ സെക്രട്ടറിക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിലും ഡി.ജി.പിയെ കക്ഷിചേർത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യൂത്ത് സ്ട്രീറ്റ് എന്ന പരിപാടിയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ തദ്ദേശഭരണ വകുപ്പിനോട് നിർദേശിച്ചു. ദേശീയപാതയിൽ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ബോർഡുകൾ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണം. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടിയെടുത്ത് റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്നുമാസത്തെ സമയം തേടിയിരുന്നു. മൺസൂൺ ആയതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്ന തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് റിപ്പോർട്ട് നൽകാൻ 40 ദിവസം അനുവദിച്ച കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.