കൊച്ചി: പനമ്പിള്ളി നഗറിലെ ലൈസൻസില്ലാത്ത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് പരിഗണനയിലിരിക്കുന്ന കേസിൽ പരാമർശം ന ടത്തിയ തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ചൊവ്വാഴ്ച ഹൈകോടതിയിൽ ഹാജരായില്ല. പനമ്പിള്ളി നഗർ റെസിഡൻഷ്യൽ മേഖലയിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 20ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നേരേത്ത ടി.കെ. ജോസിനോട് നിർദേശിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അവധി അപേക്ഷ സമർപ്പിച്ച ജോസ് നേരിട്ട് എത്തിയില്ല.ആഗസ്റ്റ് 29ന് എത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് കൊച്ചിയിൽ നടത്തിയ അദാലത്തിൽ മന്ത്രി എ.സി. മൊയ്തീനൊപ്പം സംബന്ധിച്ച ടി.കെ. ജോസ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ച ജഡ്ജിയുടെ നടപടി ഉചിതമാണോയെന്ന് സംശയം പ്രകടിപ്പിച്ചതായ വാർത്തകൾ വന്നിരുന്നു. വിധി മറികടക്കാൻ നടപടി ആലോചിക്കാമെന്ന് പറഞ്ഞതായും ചൂണ്ടിക്കാട്ടിയിരുന്നു. അഡീ. ചീഫ് സെക്രട്ടറിയുടെ പരാമർശം നീതിനിർവഹണത്തിലുള്ള ഇടപെടലാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് വി. ചിദംബരേഷ് ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടി.കെ. ജോസിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. ചൊവ്വാഴ്ച എത്തിച്ചേരാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 29ന് എത്തണമെന്നും അല്ലാത്തപക്ഷം വാറൻറ് പുറപ്പെടുവിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.