കൺമണികളുമായി വീണ്ടും ക്യാമ്പിൽ; രക്ഷകരെ ഒരിക്കൽകൂടി കണ്ട വൈകാരികനിമിഷം

കൊച്ചി: ''ഇക്കാ, ഞങ്ങ ഇവിടെ ഇണ്ട്ട്ടാ'' വരാന്തയിൽ നിൽക്കുകയായിരുന്ന അഷ്കറിനെയും ഖയ്യൂമിനെയും കണ്ടതും കുഞ്ഞ് അതുലിനെ മാറോടണച്ചുപിടിച്ച് പുഷ്പലത ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടി വന്നു. പിന്നെ നടന്നത് വാക്കുകൾക്കതീതമായ വൈകാരികനിമിഷങ്ങൾ. എറണാകുളം പറവൂർ ചാലാക്ക സ്വദേശിനി പുഷ്പലതക്കും രാജപ്പനും തണൽ പാലിയേറ്റിവ് കെയറിനോടും വളൻറിയർമാരോടും വീണ്ടും പറയാനുണ്ടായിരുന്നത് ഒരായിരം നന്ദി. 2018 ആഗസ്റ്റിൽ പ്രളയം ആരംഭിച്ചപ്പോൾതന്നെ പറവൂർ ചാലാക്കയിെല വീട്ടിൽ വെള്ളം കയറിയിരുന്നു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പുഷ്പലതക്കും 54കാരനായ രാജപ്പനും കിട്ടിയ ഇരട്ടക്കുട്ടികൾക്ക് അന്ന് പ്രായം 17 ദിവസം മാത്രം. നിമിഷനേരംകൊണ്ടാണ് വീട് വെള്ളത്തിൽ മുങ്ങിയത്. അയൽക്കാർ മിക്കവരും തൊട്ടടുത്ത സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും പുറത്തുപോയിരുന്ന രാജപ്പനെ കാത്തിരിക്കുകയായിരുന്നു പുഷ്പലത. സ്കൂളിൽ എത്തിയ ഇവരുടെ അയൽക്കാരനിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് തണലിൻെറ നേതൃത്വത്തിൽ ഭിന്നശേഷി സംയോജിത ദുരന്തലഘൂകരണ സംഘം രാജപ്പൻെറ വീട്ടിലെത്തിയത്. തണൽ വൈപ്പിൻ യൂനിറ്റിലെ അഷ്‌കർ അലി, ജഫീദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വീട്ടിൽനിന്ന് കുട്ടികളെയും എടുത്തു പുഷ്പലതയെയും കൂട്ടി ആംബുലൻസിൽ കയറുമ്പോഴേക്കും വീട്ടിൽ വെള്ളം കയറിയിരുന്നു. കുഞ്ഞുങ്ങളുടെ കുറച്ചു വസ്ത്രങ്ങളും കൊതുകുവലയും തൊട്ടിയും മാത്രം എടുക്കാനുള്ള സമയമേ കിട്ടിയുള്ളൂ. 13 ദിവസത്തിനുശേഷമാണ് തിരികെ വീട്ടിൽ എത്താൻ കഴിഞ്ഞത്. ഇത്തവണ ചെറുതായി വെള്ളം കയറിത്തുടങ്ങിയപ്പോൾതന്നെ കുഞ്ഞുങ്ങളുമായി ഇരുവരും മാഞ്ഞാലി സ്‌കൂളിലെ ക്യാമ്പിലേക്കെത്തി. അടിയന്തര വൈദ്യസഹായ സംഘത്തിനൊപ്പം തണൽ പ്രവർത്തകർ ക്യാമ്പിലെത്തിയപ്പോഴാണ് തൻെറയും മക്കളുടെയും രക്ഷകരെ പുഷ്പലത വീണ്ടും കാണുന്നത്. ''54ാം വയസ്സിലാണ് ഈ രണ്ടുമുത്തുകളെ ദൈവം ഞങ്ങൾക്ക് തന്നത്.അന്ന് തണലിൻെറ ആളുകൾ ആ സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ...'' രാജപ്പന് സംസാരം മുഴുമിപ്പിക്കാനായില്ല. തണൽ ചെയർമാൻ എം.കെ. അബൂബക്കർ ഫാറൂഖി, ഭാരവാഹികളായ കെ. കെ. സലം, വി.എ. ഇബ്രാഹിംകുട്ടി, അബുൽ ഖയ്യൂം, അഷ്‌കർ അലി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.