കോതമംഗലം: നാലുചുവരുകൾക്കുള്ളിൽ വിധി തളച്ചിട്ട വർഷങ്ങളുടെ ബന്ധനങ്ങൾക്ക് വിടനൽകി അവർ വീണ്ടും ജീവിതത്തിലേക്ക് . അരക്കുതാഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ഏഴുപേരാണ് കോതമംഗലം പീസ്വാലി പാരാപ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണംവഴി സ്വന്തം കാലുകളിൽ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പ്രാപ്തരായത്. പുതുജീവിതത്തിലേക്ക് പിച്ചവെക്കുന്ന ഇവർക്കുള്ള യാത്രയയപ്പ് വെള്ളിയാഴ്ച വൈകീട്ട് നാലിന് പീസ്വാലിയിൽ നടക്കും. വാഹനാപകടത്തിലും തൊഴിലിനിടെ മരംമറിഞ്ഞുവീണും മരത്തിൽനിന്ന് വീണും ശരീരവും മനസ്സും തളർന്നവരാണിവർ; ഭീമമായ ചികിത്സച്ചെലവ് വഹിക്കാനാകാതെ കിടക്കയിലും ചക്രക്കസേരയിലുമായി ജീവിതം തളച്ചിടപ്പെട്ടവർ. മൂന്നുമാസം മുമ്പ് നെല്ലിക്കുഴിയിലെ പീസ്വാലിയിൽ എത്തുന്നതുവരെ എഴുന്നേറ്റ് നടക്കുകയെന്നത് സ്വപ്നം മാത്രമായിരുന്നു. കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇവർ പീസ്വാലിയിലെ സൗജന്യ ചികിത്സയിലൂടെയാണ് സ്വയംപര്യാപ്തരായത്. ഒരുലക്ഷത്തോളം രൂപയാണ് മൂന്നുമാസ കാലയളവിൽ ഓരോ രോഗിക്കും ചെലവിട്ടത്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇവർക്ക് സ്വയംതൊഴിലിനുള്ള മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. യാത്രയയപ്പ് സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ. പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും. നിർധന വൃക്കരോഗികൾക്ക് ആവിഷ്‌കരിച്ച കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസ് പദ്ധതി പ്രഖ്യാപനം കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.ബി. ഫസീല നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ പി.എം. അബൂബക്കർ അധ്യക്ഷത വഹിക്കും. വർഷത്തിൽ 10,000 ഡയാലിസിസാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.എം. അബൂബക്കർ, കോഓഡിനേറ്റർ സാബിത്ത് ഉമർ, മാനേജർ സി.എം. ഷാജുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.