അഭിമന്യുവി​െൻറ ഓർമകൾക്ക്​ ഇന്ന്​ ഒരു വയസ്സ്​

അഭിമന്യുവിൻെറ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ് കൊച്ചി: കേരളത്തിൻെറയൊന്നാകെ നെഞ്ചിൽ നാൻ പെറ്റ മകനേയെന്ന നിലവിളിയുടെ നെരിപ്പോട് തീർത്ത് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ചൊവ്വാഴ്ച ഒരു വർഷം. ഇടുക്കി വട്ടവടയിലെ പിന്നാക്ക സാഹചര്യത്തിൽനിന്നുയർന്നുവന്ന് എസ്.എഫ്.ഐ നേതാവായി മാറിയ അഭിമന്യു 2018 ജൂലൈ രണ്ടിന് പുലർച്ച 12.30ഓടെയാണ് കാമ്പസ് രാഷ്ട്രീയത്തിൻെറ കൊലക്കത്തിക്കിരയായത്. എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗം കൂടിയായിരുന്നു രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യു. കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. നവാഗതരെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് രാത്രി കോളജിൽ നടന്ന ഒരുക്കത്തിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. മുദ്രാവാക്യങ്ങള്‍ എഴുതാൻ കാമ്പസിന് പിന്നിലെ മതില്‍ എസ്.എഫ്.ഐ വെള്ളയടിച്ചിട്ടിരുന്നു. ഇവിടെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പോസ്റ്റർ പതിച്ചു. ഇത് എസ്.എഫ്.ഐക്കാർ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. അർധരാത്രിയോടെ കോളജിന് പിന്നിലെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് ആയുധങ്ങളുമായി സംഘടിച്ചെത്തി അഭിമന്യു, സുഹൃത്തുക്കളായ അർജുൻ, വിനീത് എന്നിവരെ ആക്രമിക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിമന്യു മരിച്ചു. വിചാരണ നടപടികൾക്കായി കേസ് ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പരിഗണിക്കും. കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരായ 16 പേരാണ് കേസിലുൾപ്പെട്ടത്. ഇതിൽ അഭിമന്യുവിനെ കുത്തിയ നെട്ടൂർ സ്വദേശി സഹൽ (21), അരൂക്കുറ്റിയിലെ മുഹമ്മദ് ഷഹീം (31) എന്നിവരൊഴിച്ചുള്ളവരെല്ലാം പിടിയിലായി. കോളജിലെ അറബിക് സ‌ാഹിത്യം മൂന്നാംവർഷ വിദ്യാർഥിയും കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡൻറുമായ മുഹമ്മദാണ് ഒന്നാംപ്രതി. അടുത്തിടെ അന്തരിച്ച സൈമൺ ബ്രിട്ടോയുടെ സന്തത സഹചാരി കൂടിയായിരുന്ന അഭിമന്യുവിൻെറ ജീവിതം പ്രമേയമാക്കി 'നാൻ പെറ്റ മകൻ', 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്നീ സിനിമകളും പുറത്തിറങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.