കൊച്ചി: കുരിശ് സ്ഥാപിച്ചതിലൂടെ വിവാദമായ ഇടുക്കി പാഞ്ചാലിമേട്ടിലെ ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ഹൈകോടതി നിർദേശിച്ചു. മഹസ്സർ പ്രകാരം ക്ഷേത്രമോ കുരിശോ ഉണ്ടായിരുന്നതായി പറയുന്നില്ലെന്നും സർക്കാർ ഏറ്റെടുത്ത അധിക സ്വകാര്യ ഭൂമിയാണിതെന്നുമുള്ള സർക്കാർ വാദത്തിൻെറയും ക്ഷേത്രം ഉണ്ടായിരുെന്നന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറയും വാദത്തെ തുടർന്നാണ് ഉടമസ്ഥാവകാശ രേഖകളടക്കം ഹാജരാക്കാൻ സർക്കാറിനോടും ബോർഡിനോടും ഹരജിക്കാരനോടും കോടതി ആവശ്യപ്പെട്ടത്. അനധികൃതമായി സ്ഥാപിച്ച കുരിശുകൾ നീക്കാനുള്ള പെരുവന്താനം വില്ലേജ് ഒാഫിസറുടെ ഉത്തരവ് നടപ്പാക്കാൻ റവന്യൂ, പൊലീസ് അധികൃതരോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് കുപ്പക്കയം സ്വദേശി ജി. അരുൺലാൽ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിൻെറ പരിഗണനയിലുള്ളത്. കുരിശുകൾ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാൻ നേരേത്ത കോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച ഹരജി പരിഗണിക്കുമ്പോൾ ഇത് റവന്യൂ ഭൂമിയാണെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. റവന്യൂ ഭൂമിയായാലും നടപടി വേണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. പാഞ്ചാലിമേട്ടിൽ എബ്രഹാം ജോർജ് കള്ളിവയലിൻെറ പക്കൽനിന്ന് 144.55 ഏക്കർ അധിക ഭൂമിയായി 1976ൽ ഏറ്റെടുത്തിരുന്നെന്ന് സർക്കാർ വ്യക്തമാക്കി. സെറ്റിൽമൻെറ് രജിസ്റ്ററിൽ വഞ്ഞിപ്പുഴ മഠത്തിൻെറയാണ് ഭൂമിയെന്നും ബി.ടി.ആറിൽ (അടിസ്ഥാന നികുതി രജിസ്റ്റർ) എബ്രഹാം ജോർജ് കള്ളിവയലിൻെറയാണെന്നും പറയുന്നു. മഹസ്സർ പ്രകാരം ഇവിടെ മുമ്പ് ക്ഷേത്രമോ കുരിശുകളോ ഉണ്ടായിരുന്നില്ല. ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിന് രേഖകൾ പരിശോധിക്കേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ, പീരുമേട് വില്ലേജിലെ പഴയ സർവേ രേഖകളിൽ ഇവിടെ ഭുവനേശ്വരി ക്ഷേത്രമുൾപ്പെടെ നാല് ക്ഷേത്രങ്ങളുണ്ടായിരുെന്നന്നാണ് ദേവസ്വം ബോർഡിൻെറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.