കൊച്ചി: ജാതിയുടെയും മതത്തിൻെറയും അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളെ ഭിന്നിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ െചറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഖില കേരള ധീവര സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പണ്ഡിറ്റ് കറുപ്പൻ പ്രതിമ അനാച്ഛാദനവും 135ാം ജന്മദിനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നിപ്പിക്കാനുള്ള സ്ഥാപിത താൽപര്യക്കാരുെട ശ്രമങ്ങൾക്കെതിരെ പണ്ഡിറ്റ് കറുപ്പൻ കാണിച്ചുതന്ന മാതൃക പ്രചോദനമാക്കണം. അടിച്ചമർത്തപ്പെട്ട എല്ലാ സമുദായങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തിയ നവോത്ഥാന നായകനായിരുന്നു പണ്ഡിറ്റ് കറുപ്പൻ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അകറ്റുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചു. തൊഴിൽപ്രശ്നങ്ങളിലേക്കും കടന്നുവന്ന് മത്സ്യത്തൊഴിലാളികളുടെ രാഷ്ട്രീയബോധം വളർത്താനും സംഭാവനകൾ ചെയ്തു. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊണ്ടു. അരയ സമുദായം ആന്തരികമായി വിഷമിക്കുന്ന അവസ്ഥ ഉയർന്നുവന്നപ്പോഴാണ് രക്ഷിക്കാൻ പണ്ഡിറ്റ് കറുപ്പനടക്കമുള്ളവർ ഉയർന്നുവന്നത്. ജാതീയമായ അസമത്വങ്ങൾക്കെതിരെയുള്ള കൃതികൾ രചിച്ചു. ഒരുവശത്ത് സംഘാടനവും മറുവശത്ത് ഉത്തേജനവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻെറ രീതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണ്ഡിറ്റ് കറുപ്പൻെറ പ്രതിമ അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. അഖില കേരള ധീവരസഭ പ്രസിഡൻറ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, എസ്. ശർമ എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ, ജസ്റ്റിസ് സുകുമാരൻ, കൗൺസിലർ ദീപക് ജോയ്, സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, പി.എ. രാമഭദ്രൻ, എ.ആർ. ശിവജി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.