പല്ലനയിൽ കരയിലേക്ക്​ കയറി കടൽ; ​ൈദന്യാവസ്ഥയിൽ കുറെ കുടുംബങ്ങൾ

ആറാട്ടുപുഴ: പല്ലന തീരത്തെ കുറെ കുടുംബങ്ങൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഏതുനിമിഷവും വീട് കടലെടുത്ത് പോകുമെന്ന ഭീതിയിലും സങ്കടത്തിലുമാണ് ഇവർ. ചുവരുകളിൽ പതിക്കുന്ന തിരമാലകൾ വീടിനെ ദുർബലമാക്കുന്നു. അടിയന്തര നടപടി കൈക്കൊണ്ടാൽ കിടപ്പാടം സംരക്ഷിക്കാൻ കഴിയുമെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല. തൃക്കുന്നപ്പുഴ പഞ്ചായത്ത് 16ാം വാർഡിൽ പല്ലന തോപ്പിൽ ജങ്ഷനും ഹൈസ്കൂൾ ജങ്ഷനും ഇടയിലായി 200 മീറ്ററോളം ഭാഗം കടൽ കാർന്നുതിന്നുകയാണ്. ഒാരോദിവസം കഴിയുംതോറും നാല് മീറ്ററോളം താഴ്ചയിൽ മീറ്ററുകളോളം കരയാണ് കടലെടുക്കുന്നത്. 1977 ൽ നിർമിച്ച കടൽഭിത്തി ദുർബലമാണ്. കായിപ്പറമ്പിൽ മുഹമ്മദ് മുസ്തഫ, പുത്തൻപുര പടീറ്റതിൽ മാരിയത്ത് എന്നിവരുടെ വീടുകൾ ഏതുനിമിഷവും കടലെടുക്കാമെന്ന അവസ്ഥയിലാണ്. വീടിൻെറ അടിത്തറയുടെ സമീപത്തുനിന്നുവരെ മണ്ണ് നഷ്ടപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ മുസ്തഫയുടെ വീടിൻെറ കുളിമുറിയും കക്കൂസും ചുറ്റുമതിലും ഷെഡും കടലെടുത്തിരുന്നു. ഭാഗ്യം കൊണ്ടാണ് വീട് രക്ഷപ്പെടുന്നത്. തൊട്ടടുത്തായാണ് മാരിയത്തിൻെറ വീട്. കഴിഞ്ഞ കടലാക്രമണത്തിൽ ശൗചാലയമാണ് നഷ്ടമായതെങ്കിൽ ഇക്കുറി വീട് പൂർണമായും നിലം പതിക്കുന്ന അവസ്ഥയിലാണ്. മകൻ അൻഷാദും ഭാര്യ നൗഫിയയും മൂന്ന് കുഞ്ഞുങ്ങളുമാണ് മാരിയത്തിെനാപ്പം കഴിയുന്നത്. വീട് അപകടാവസ്ഥയിലായതോടെ നാട്ടുകാർ നിർബന്ധിച്ചാണ് ഇവരെ ഇവിടെനിന്ന് മാറ്റിയത്. ബന്ധുക്കളുടെ വീടുകളിൽ മാറിമാറി കഴിയുകയാണിവർ. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് ഇവിടെ പുലിമുട്ട് നിർമിക്കാൻ 6.92 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം നടന്നിരുന്നു. കൂടാതെ, 2.64 കോടി മുടക്കി ഇവിടെ പുലിമുട്ട് നിർമിച്ചതായി തെരഞ്ഞെടുപ്പുകാലത്ത് ഭരണകക്ഷി പുറത്തിറക്കിയ പത്രികയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തീരസംരക്ഷണം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. ഈ സർക്കാറിൻെറ കാലത്തും ഇവിടെ പലവിധ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കുന്നതിന് നിരവധി ബന്ധപ്പെട്ട അധികാരികളെത്തി നിരവധി തവണ എസ്റ്റിമേറ്റ് എടുക്കുകയും നടപടികൾ മുന്നോട്ടുപോവുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കുറിയും പ്രദേശവാസികൾ കബളിപ്പിക്കപ്പെടുകയായിരുന്നു. പല്ലന കെ.വി ജെട്ടി പടിഞ്ഞാറും കടൽ നാശം വിതക്കുകയാണ്. കടൽഭിത്തി തകർത്തെത്തുന്ന തിരമാലകൾ നിരവധി വീടുകൾക്കാണ് ഭീഷണി ഉയർത്തുന്നത്. തൈവെപ്പിൽ സൈനബ, ഇബ്രാഹിംകുട്ടി, താഹ, ചാലിൽപറമ്പിൽ, മുഹമ്മദ് നാസർ സലീന എന്നിവരുടെ വീടുകളും തൈവെപ്പിൽ പി.കെ. ഷാനവാസിൻെറ മത്സ്യം സൂക്ഷിക്കുന്ന ഷെഡും കടുത്ത ഭീഷണിയിലാണ്. പലവീടുകളും മണ്ണും വെള്ളവും കയറി താമസിക്കാൻ പറ്റാതെയായി. കുടിവെള്ള-വൈദ്യുതി സംവിധാനവും തകരാറിലായി. കടൽതീരത്തുകൂടി പോകുന്ന റോഡ് പൂർണമായും മണ്ണിനടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.