പെരുമ്പാവൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കൊല്ലം പുനലൂര്‍ മണിയാര്‍ കരയില്‍ റെജിയാണ് (38) പെരുമ്പാവൂര്‍ പൊലീസിൻെറ പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തിൻെറ ഓഹരി ഉടമയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പുന്നയം സ്വദേശി അനൂപിനും ഭാര്യക്കും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇയാള്‍ 29.50 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ ചതിയില്‍പ്പെട്ടെന്ന് മനസ്സിലാക്കിയ അനൂപ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി പലരെയും കബളിപ്പിച്ച് ഇത്തരത്തില്‍ പണം കൈക്കലാക്കിയതായി വിവരം ലഭിച്ചു. തട്ടിപ്പിനിരയായവര്‍ പെരുമ്പാവൂര്‍ സ്‌റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തിന് യെലോ കാര്‍ഡ് നല്‍കിയിരുന്നു. ഇതറിയാതെ അഹ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ റെജിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി പി.സി. ഹരിദാസിൻെറ നിര്‍ദേശപ്രകാരം സി.ഐ കെ. സുമേഷിൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ ലൈസാദ് മുഹമ്മദ്, എ.പി. എല്‍ദോസ്, എ.എസ്.ഐ ശിവപ്രസാദ്, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ പ്രജിത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.