പറവൂർ മാസ്​റ്റർ പ്ലാൻ നടപ്പാക്കുന്നത്​ വൈകിപ്പിക്കൻ ഗൂഢശ്രമമെന്ന് ആക്ഷേപം

റോഡിന് വീതികൂട്ടാൻ വേണ്ട സ്ഥലമെടുപ്പിനും ഒഴിപ്പിക്കലിനും മുന്നോട്ടുവരാൻ ആരും തയാറല്ല പറവൂർ: നഗരസഭയുടെ മാസ്റ്റർ പ്ലാൻ ഭേദഗതി നിർദേശങ്ങൾക്കുള്ള അംഗീകാരം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗൂഢശ്രമം നടക്കുന്നതായി ആക്ഷേപം. കുറ്റമറ്റ രീതിയിൽ മാസ്റ്റർപ്ലാനിൽ മാറ്റംവരുത്തി അംഗീകാരം വാങ്ങി നടപ്പാക്കാൻ ഭരണ, പ്രതിപക്ഷത്തെ പല കൗൺസിലർമാർക്കും താൽപര്യമില്ല. മാസ്റ്റർ പ്ലാൻ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് തലയൂരാനാണ് ഭൂരിപക്ഷം കൗൺസിലർമാർക്കും താൽപര്യം. ഒരുകൊല്ലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുന്നതാണ് കാരണം. എല്ലാവർക്കും തൃപ്തികരമായ മാസ്റ്റർ പ്ലാൻ അംഗീകരിച്ച് നടപ്പാക്കാനാവില്ലെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പലരും രഹസ്യമായി സമ്മതിക്കുന്നു. റോഡുകളുടെ വീതിയാണ് ഏറ്റവും വലിയ പ്രശ്നം. വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുള്ള റോഡ് വികസനം അസാധ്യമാണ്. റോഡിന് വീതികൂട്ടാൻ വേണ്ട സ്ഥലമെടുപ്പിനും ഒഴിപ്പിക്കലിനും മുന്നോട്ടുവരാൻ ആരും തയാറല്ല. ആളുകളുടെ ഇഷ്ടക്കേട് സമ്പാദിക്കാൻ കൗൺസിലർമാർ തയാറല്ല 2013 മാർച്ചിൽ സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയതാണ് നഗരസഭയുടെ മാസ്റ്റർ പ്ലാൻ. ഇതിലെ ജനവിരുദ്ധ നിർദേശങ്ങൾക്ക് മാറ്റംവരുത്തണമെന്ന ഭൂരിപക്ഷ അഭിപ്രായത്തെ തുടർന്നാണ് ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച് നഗരസഭ ടൗൺ പ്ലാനിങ് വിഭാഗത്തിന് അയച്ചുകൊടുത്തത്. 2018 ഫെബ്രുവരിയിൽ കൂടിയ പ്രത്യേക കൗൺസിൽ യോഗം അംഗീകരിച്ച് അയച്ച നിർദേശങ്ങൾ ടൗൺ പ്ലാനിങ് വിഭാഗം ചില മാറ്റങ്ങളോടെ അംഗീകരിച്ചു. അതിലും സാരമായ മാറ്റം വരുത്തണമെന്നാണ് കൗൺസിലർമാരുടെ പുതിയ ആവശ്യം. ഭേദഗതികളോടെ തയാറാക്കിയ മാസ്റ്റർ പ്ലാനിനെക്കുറിച്ച് ടൗൺ പ്ലാനർ എം.ആർ. ഷീബ വിശദീകരിച്ചിട്ടും കൗൺസിലർമാർ തൃപ്തരല്ല. 30 മീറ്റർ വീതി നിർദേശിച്ച റോഡുകൾ 15 മീറ്ററായും 22 മീറ്റർ റോഡുകൾ 12 ആയും 10 മീറ്റർ റോഡുകൾ ഏഴ് ആയും ചുരുക്കിയിട്ടും ഇനിയും കുറവു വരുത്തണമെന്നാണ് ചില കൗൺസിലർമാരുടെ ആവശ്യം. നേരത്തേ ജനവാസ മേഖലയിലെ വ്യവസായ പാർക്ക്, ഐ.ടി സോൺ, മാലിന്യ പ്ലാൻറ് വികസനം എന്നിവ ഒഴിവാക്കിയിരുന്നു. ഭാവി വികസനത്തിന് അനിവാര്യമായ ചില റോഡുകൾ വികസിപ്പിക്കണമെന്ന ടൗൺ പ്ലാനിങ് വിഭാഗത്തിൻെറ നിർദേശം പോലും അംഗീകരിക്കാൻ തയാറല്ല. ഗതാഗതക്കുരുക്ക് മൂലം വീർപ്പ് മുട്ടുന്ന മുഖ്യ ഭാഗങ്ങളിൽ 30 മീറ്റർ വീതി നിർദേശം തുടക്കത്തിലെ വെട്ടി. മുനിസിപ്പൽ ഓഫിസ് മുതൽ ചേന്ദമംഗലം കവലവരെ നിലവിലെ 13 മീറ്റർ വീതി രണ്ടുമീറ്റർ മാത്രമാണ് വർധിപ്പിക്കുന്നത്. പല താൽപര്യങ്ങളും മാസ്റ്റർ പ്ലാനിനെ വികൃതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.