കൊച്ചി: പ്രളയം തീർത്ത ദുരിതങ്ങൾക്ക് അറുതിവരുത്തി പാറക്കടവ് സർവിസ് സഹകരണ ബാങ്ക്. സംസ്ഥാന സർക്കാർ പദ്ധതിയായ കെയർ ഹോമിലൂടെയാണ് ബാങ്കിൻെറ നേതൃത്വത്തിൽ പഞ്ചായത്തിലെ ആറുപേർക്ക് വീട് നിർമിച്ച് നൽകിയത്. പണി പൂർത്തിയായ വീടുകൾ ഞായറാഴ്ച കലക്ടർ മുഹമ്മദ് വൈ.സഫീറുല്ല ഉടമസ്ഥർക്ക് കൈമാറും. പ്രളയത്തിൽ പൂർണമായും തകർന്ന ആറ് വീടുകളാണ് പാറക്കടവ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയത്. ജില്ല ഭരണകൂടം നിർദേശിച്ചവർക്കാണ് വീട് നിർമിച്ചത്. ഇവർ സുഹൃത്തിൻെറ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിൽസനും ഭാര്യ മോളിക്കും പുതിയ വീട് നിർമിക്കുകയെന്നത് സ്വപ്നം മാത്രമായിരുന്നു. കൂലിപ്പണിക്കാരനായ മൂഴിക്കുളം കുറ്റിക്കാട്ടുത്തറ തങ്കപ്പൻെറ വീടിൻെറ പകുതിയും പ്രളയത്തിൽ ഇടിഞ്ഞുവീണിരുന്നു. ഏഴും അഞ്ചും നാലും വയസ്സയ മൂന്നു മക്കൾക്കും പ്രായമായ അമ്മക്കും മഴനനയാതെ വെയിൽ കൊള്ളാതെ കിടക്കാൻ ഇടം കിട്ടിയതിൻെറ സന്തോഷത്തിലാണ് പൂവത്തുശ്ശേരി ഇരുമ്പുങ്കൽ അനില സനോജ്. ഭർത്താവ് മരിച്ച് ആശ്രയമറ്റ രാധയുടെ കൈകളിലേക്ക് നൽകിയ പുതിയ വീട് മുന്നോട്ട് ജീവിക്കാനുള്ള ശക്തികൂടിയാണെന്ന് രാധ പറയുന്നു. കിടപ്പുരോഗിയായ അമ്മയെയും കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് പുതിയ വീട് നിർമിച്ചുനൽകാമെന്നേറ്റ് ബാങ്കുകാർ വന്നത്. പൂവത്തുശ്ശേരി തിരുപ്പനമ്പിൽ രാംദാസിനും ഐനിക്കത്താഴം മണക്കുന്ന് വേലായുധനും ബാങ്ക് വീട് നിർമിച്ചുനൽകി. സർക്കാർ നൽകിയ 4,95,000 രൂപയുടെ സഹായത്തോടെയാണ് പണി പൂർത്തീകരിച്ചതെന്ന് ബാങ്ക് പ്രസിഡൻറ് സി.എം. സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.