ശസ്ത്രക്രിയയിലെ പിഴവെന്ന്​ പരാതി; യുവതിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ പുറത്തെടുത്തു

കൊച്ചി: ചികിൽസപ്പിഴവ് ആരോപിച്ച് പരാതി നൽകിയതിനെത്തുടർന്ന് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് പറവൂർ സ്വദേശി വിനുവിൻെറ ഭാര്യ റിൻസിയുടെ (31) മൃതദേഹമാണ് പറവൂർ കൂട്ടുകാട് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം ഞായറാഴ്ച എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മേയ് 11ന് എറണാകുളം ലൂർദ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയെത്തുടർന്നാണ് യുവതി മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയംതോന്നി പരാതിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ ഉത്തരവിട്ടത്. സി.ഐയുെട നേതൃത്വത്തിൽ സംഭവം അന്വേഷിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ശനിയാഴ്ച പള്ളിയിലെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കി. 15 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. ആർ.ഡി, താലൂക്ക് ഓഫിസർ, പൊലീസ് സർജൻ, പൊലീസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) കൃഷി വിജ്ഞാനകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ഗർഭപാത്രത്തിൽ 2.5 മില്ലീമീറ്റർ വലുപ്പത്തിലാണ് മാംസവളർച്ചയുണ്ടായിരുന്നത്. ശസ്ത്രക്രിയയോടനുബന്ധിച്ച് മൂന്നുതവണ ഹൃദയസ്തംഭനം വന്നുവെന്നും അതാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ഡിസ്ചാർജ് റിപ്പോർട്ടിൽ ശ്വാസതടസ്സത്തെതുടർന്നാണ് മരണമെന്നാണ് ചേർത്തിരുന്നത്. ഇതോടെയാണ് നോർത്ത് പൊലീസിൽ പരാതി നൽകിയത്. അതേസമയം, ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടതാണ്. പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കളാണ് അന്ന് അതിന് കൂട്ടാക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. അന്ന് എല്ലാം വ്യക്തമാണെന്നും പരാതിയൊന്നുമില്ലെന്നും രേഖാമൂലം എഴുതിത്തന്നിരുന്നതായും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.